മുംബൈയിലെ ഫ്ളാറ്റിന്‍റെ ഗ്രില്ലിൽ തൂങ്ങിക്കിടന്ന കുട്ടിയെ മലയാളി രക്ഷിച്ചു

ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടതോടെ ബബിത് സുഹൃത്ത് മിഥിലിനൊപ്പം താഴെ ബെഡ് ഷീറ്റ് വിരിച്ചു പിടിച്ചാണ് നിഹയെ രക്ഷപെടുത്തിയത്.
Mumbai Flat Rescue: Malayali youth saves child hanging from balcony grill

ബബിത് വൈജു, നിഹ

Updated on

മുംബൈ: മൂന്നാം നിലയിലെ ഫ്ലാറ്റിന്‍റെ ബാൽക്കണി ഗ്രില്ലിൽ തൂങ്ങിക്കിടന്ന നാലുവയസുകാരിക്ക് സമീപത്തുള്ള കെട്ടിടത്തിലെ മലയാളി യുവാവിന്‍റെ സമയോചിത ഇടപെടൽ രക്ഷയായി. വസായ് വെസ്റ്റ് ദോസ്തിക്കു സമീപം ആനന്ദ് വില്ലയിലെ മൂന്നാം നിലയിൽ താമസിക്കുന്ന നിഹ എന്ന കുട്ടിയുടെ ജീവനാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. കുട്ടിയുടെ ജീവൻ രക്ഷിച്ച ആലപ്പുഴ നെടുമുടി ചേന്നങ്കരി സ്വദേശിയായ കോളജ് വിദ്യാർഥി ബബിത് വൈജു (19) ഇപ്പോൾ നാടിന്‍റെ പ്രശംസ പിടിച്ചുപറ്റുകയാണ്.

തൃശൂർ സ്വദേശികളായ കൃഷ്ണജിത്ത് - സുമിഷ ദമ്പതികളുടെ മകളായ നിഹ, മുത്തശ്ശിക്കും അമ്മാവനുമൊപ്പമാണ് വസായിൽ താമസിക്കുന്നത്. മാതാപിതാക്കൾ ഗൾഫിലാണ്. വൈകിട്ട് 5.30 ഓടെ മുത്തശ്ശി കുട്ടിയെ ഫ്ലാറ്റിലാക്കി പുറത്തുപോയ സമയത്തായിരുന്നു അപകടം.

കെട്ടിടത്തിനു താഴെ സുഹൃത്തുക്കളോടൊപ്പം സംസാരിച്ചു നിൽക്കുകയായിരുന്നു ബബിത്. ഇതിനിടെ കൂടെയുണ്ടായിരുന്ന സുഹൃത്താണ് മുകളിലെ ബാൽക്കണി ഗ്രില്ലിലെ കാഴ്ച ശ്രദ്ധിക്കുന്നത്. കുട്ടി ഗ്രില്ലിന്‍റെ വിടവിലൂടെ പുറത്തേക്കു കടന്ന്, ഏതുനിമിഷവും താഴേക്കു പതിക്കാവുന്ന അതീവ ഗുരുതര സാഹചര്യത്തിൽ തൂങ്ങിക്കിടക്കുന്നതാണ് ഇവർ കണ്ടത്.

അപകടം തിരിച്ചറിഞ്ഞ ഉടൻ ഒട്ടും സമയം കളയാതെ ബബിത് കുട്ടിയുടെ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന മൂന്നാം നിലയിലേക്ക് ഓടിയെത്തിയെങ്കിലും വീട് പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. ഇതോടെ താഴേക്കു തിരിച്ചോടിയ ബബിത്, സമീപത്തെ വീട്ടിൽ നിന്ന് ഉടൻ തന്നെ ഒരു ബെഡ് ഷീറ്റ് സംഘടിപ്പിക്കുകയായിരുന്നു. തുടർന്ന് സുഹൃത്ത് മിഥിലിന്‍റെ സഹായത്തോടെ അത് താഴെ വിരിച്ചുപിടിക്കുകയും കുട്ടിയോട് താഴേക്ക് ചാടാൻ വിളിച്ചുപറയുകയും ചെയ്തു. പിടിവിട്ട് താഴേക്ക് പതിച്ച കുഞ്ഞിനെ ഇരുവരും ചേർന്ന് കിടക്കവിരിയിൽ സുരക്ഷിതയായി താങ്ങിപ്പിടിച്ചു.

വീഴ്ചയുടെ ആഘാതത്തിൽ കുട്ടിയുടെ ഇടതു തോളെല്ലിന് പൊട്ടലേറ്റെങ്കിലും വലിയൊരു ജീവഹാനിയാണ് ഇവിടെ ഒഴിവായത്.

തന്‍റെ ഈ അനുഭവത്തെക്കുറിച്ച് ബിബിത് പ്രതികരിച്ചതിങ്ങനെ: "ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ സമയം ഒട്ടും പാഴാക്കരുത്. പലപ്പോഴും ആളുകൾ മടിച്ചുനിൽക്കുന്നത് കൊണ്ടാണ് വലിയ അപകടങ്ങൾ സംഭവിക്കുന്നത്. വ്യക്തിപരമായ താത്പര്യങ്ങളോ സാഹചര്യങ്ങളോ നോക്കാതെ, മറ്റൊരാളുടെ ജീവൻ അപകടത്തിലാണെന്ന് കണ്ടാൽ ഒരു മടിയും കൂടാതെ പെട്ടെന്ന് ഇടപെടാൻ ഏവരും തയാറാകണം."

സാഹസികമായി കുരുന്നിന്‍റെ ജീവൻ രക്ഷിച്ച ബബിതിനെ, അദ്ദേഹം പഠിക്കുന്ന സെന്‍റ് ഗോൺസാലോ ഗാർഷ്യ കോളജ് (St. Gonsalo Garcia College) അധികൃതർ പ്രത്യേക ചടങ്ങിൽ ആദരിച്ചു. വസായ് അയ്യപ്പ സേവാ സമിതി കമ്മിറ്റിയംഗം വൈജുവിന്‍റെയും ബിന്ദുവിന്‍റെയും മകനാണ് ബബിത്.

logo
Metro Vaartha
www.metrovaartha.com