
വിവാദമായി 'നാഗപഞ്ചമി' ആഘോഷം; ജീവനുള്ള പാമ്പുകളെ പൂജിക്കരുതെന്ന് മൃഗസ്നേഹികൾ
താനെ: നാഗപഞ്ചമി ദിനത്തിൽ ജീവനുള്ള പാമ്പുകളെ പൂജിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മൃഗാവകാശ സംരക്ഷകർ. എല്ലാ വർഷവും ശ്രാവണ മാസത്തിലാണ് നാഗപഞ്ചമി ആഘോഷിക്കുന്നത്. സാംഗ്ലി ജില്ലയിലെ ബാട്ടിസ് ഷിരാളയിലെ നാഗപഞ്ചമി ആഘോഷങ്ങൾ പ്രസിദ്ധമാണ്. ഓരോ വീടുകളിലും അന്നേ ദിവസം ഗ്രാമീണർ ജീവനുള്ള നാഗങ്ങളെ പൂജിക്കാറുണ്ട്. ഗ്രാമത്തിലെ സ്ത്രീകളെല്ലാം നാഗരാജാവിനെ സഹോദരനായാണ് കാണുന്നത്. നാഗപഞ്ചമി ദിനത്തിൽ സഹോദരനു വേണ്ടി ഉപവാസമെടുത്ത ശേഷം നാഗപൂജയോടെ വ്രതം അവസാനിപ്പിക്കുകയാണ് പതിവ്. അതിനൊപ്പം രാജവെമ്പാല ഉൾപ്പെടെ കൊടും വിഷമുള്ള പാമ്പുകളെ പിടി കൂടി നഗരപ്രദക്ഷിണം നടത്തുന്നതും ഇവിടെ പതിവായിരുന്നു.
വന്യജീവി നിയമം പ്രകാരം 2002ലാണ് ബോംബേ ഹൈക്കോടതി ഈ ആഘോഷം നിരോധിച്ചത്. അതിനു ശേഷം വീടുകളിൽ നാഗത്തിന്‍റെ ശിൽപ്പം വച്ചാണ് പൂജ നടത്താറുള്ളത്. അപ്രതീക്ഷിതമായി പാമ്പുകളെ കണ്ടാലും പൂജ നടത്താറുണ്ട്. സംസ്ഥാന നിയമസഭയിൽ ബുധനാഴ്ച ബിജെപി എംഎൽഎ സത്യജിത് ദേശ്മുഖ് നാഗപഞ്ചമി ആഘോഷങ്ങൾ തിരിച്ചു കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ചരിത്ര പ്രാധാന്യമുള്ള മതാചാരമാണ് മുടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജൂലൈ 7-8 തിയതികളിൽ കേന്ദ്ര മന്ത്രി ഭൂപേന്ദർ യാദവുമായി യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് സംസ്ഥാന വനം വകുപ്പ് മന്ത്രി ഗണേഷ് നായിക് വ്യക്തമാക്കി. ഇതാണ് നാഗപഞ്ചമി ആഘോഷങ്ങളെ വീണ്ടും വിവാദ വിഷമാക്കി മാറ്റിയിരിക്കുന്നത്. ആചാരങ്ങളുടെ പേരിൽ നാഗങ്ങളെ വേദനിപ്പിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് മൃഗസ്നേഹികൾ പറയുന്നത്. ഭക്തർ പാമ്പുകളെ പാലു കുടിക്കാൻ നിർബന്ധിക്കുന്നത് പാമ്പുകളുടെ ആരോഗ്യത്തെ ബാധിക്കാറുണ്ടെന്നും മൃഗാവകാശ സംരക്ഷകർ ആരോപിക്കുന്നു.