മലയാളോത്സവം പതിനഞ്ചാം പതിപ്പിന് അടുത്ത മാസം തുടക്കം

ഓഗസ്റ്റ് 15ന് ഉദ്ഘാടനം
The 15th edition of Malayalolsavam will begin next month.

മലയാളോത്സവം പതിനഞ്ചാം പതിപ്പിന് അടുത്ത മാസം തുടക്കമാകും

Updated on

മുംബൈ: മലയാളോത്സവത്തിന്റെ പതിനഞ്ചാം പതിപ്പ് ഓഗസ്റ്റ് 16-ന് ആരംഭിക്കും. ആറു മാസക്കാലം നീണ്ടുനില്‍ക്കുന്ന കലാമാമാങ്കമാണിത്. ഓഗസ്റ്റ് 15, 16 തീയതികളില്‍ കേരളത്തില്‍ നിന്നുള്ള പ്രസാധകരെ പങ്കെടുപ്പിച്ച് പുസ്തക പ്രദര്‍ശനവും സാംസ്‌കാരിക സമ്മേളനവും കവിയരങ്ങും നടത്തും.

മേഖലാതല പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 10 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ എല്ലാ മേഖലകളിലും വാര്‍ഷിക പൊതുയോഗങ്ങള്‍ നടക്കും. തുടര്‍ന്നുള്ള കേന്ദ്ര വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 11-നാണ് നിശ്ചയിച്ചിരിക്കുന്നത്. ഒക്ടോബര്‍ 18 സംഘടനാ അംഗത്വദിനമായി ആചരിക്കും. അന്നേ ദിവസം പ്രവര്‍ത്തകര്‍ മേഖലകളില്‍ ഗൃഹസന്ദര്‍ശനം നടത്തി പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

നവംബര്‍ 1 മുതല്‍ 5 വരെയുള്ള തീയതികളില്‍ ഇതര സംഘടനകളുമായി സഹകരിച്ച് കേരളപ്പിറവി ദിനം ആചരിക്കും. നവംബര്‍ 1 മുതല്‍ 30 വരെയാണ് മേഖലകളിലെ മലയാളോത്സവങ്ങള്‍ നടക്കുക. മേഖലകളിലെ വിജയികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഗ്രാന്‍ഡ് ഫിനാലെ (കേന്ദ്ര കലോത്സവം) ഡിസംബര്‍ 27-ന് അരങ്ങേറും. തുടര്‍ന്ന് 2027 ജനുവരി 17-ന് നാടകോത്സവവും, ജനുവരി 31-ന് പതിനഞ്ചാം മലയാളോത്സവത്തിന്റെ സമാപനവും പുരസ്‌കാര സമര്‍പ്പണവും നടക്കുമെന്ന് മലയാള ഭാഷാ പ്രചാരണ സംഘം പ്രസിഡന്റ് സന്ദീപ് വര്‍മ്മയും ജനറല്‍ സെക്രട്ടറി റീന സന്തോഷും അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com