മസ്​കറ്റിന്​ വിനോദ സഞ്ചാര രംഗത്ത്​ അനന്ത സാധ്യതകളെന്ന്​ ടൂറിസം സെമിനാർ

ഒമാൻ പൈതൃക ടൂറിസം മന്ത്രാലയത്തിന്‍റെ രക്ഷാകർതൃത്വത്തിൽ ആഗോള ഹോസ്​പിറ്റാലിറ്റി ബ്രാൻഡായ ഹോർവാത്ത്​ എച്ച്​.ടി.എൽ ഖുറം ക്രൗൺ പ്ലാസ ഹോട്ടലിലാണ്​ സെമിനാർ സംഘടിപ്പിച്ചത്​.
മസ്​കറ്റിന്​ വിനോദ സഞ്ചാര രംഗത്ത്​ അനന്ത സാധ്യതകളെന്ന്​ ടൂറിസം സെമിനാർ

മസ്​കറ്റ്: ഇനിയും ഉപയോഗപ്പെടുത്താത്ത അനന്ത സാധ്യതകളാണ്​ വിനോദ സഞ്ചാര രംഗത്ത്​ മസ്​കറ്റിന്​ ഉള്ളതെന്ന്​ ഒമാൻ ടൂറിസം ഫോറം സംഘടിപ്പിച്ച രണ്ടാമത്​ സെമിനാർ. ഒമാൻ പൈതൃക ടൂറിസം മന്ത്രാലയത്തിന്‍റെ രക്ഷാകർതൃത്വത്തിൽ ആഗോള ഹോസ്​പിറ്റാലിറ്റി ബ്രാൻഡായ ഹോർവാത്ത്​ എച്ച്​.ടി.എൽ ഖുറം ക്രൗൺ പ്ലാസ ഹോട്ടലിലാണ്​ സെമിനാർ സംഘടിപ്പിച്ചത്​. മന്ത്രാലയം അണ്ടർ സെക്രട്ടറി അസ്സാൻ ബിൻ ഖാസിം അൽ ബുസൈദിയുടെ അധ്യക്ഷതയിൽ നടന്ന സെമിനാറിൽ മസ്​കറ്റിനെ പശ്​ചിമേഷ്യയുടെ സാംസ്​കാരിക പൈതൃക തലസ്ഥാനമായി മാറ്റിയെടുക്കും വിധം മസ്​കറ്റ് ബിനാലെ കലാ പ്രദർശനം സംഘടിപ്പിക്കുന്നത്​ സംബന്ധിച്ചാണ്​ പ്രധാനമായും ചർച്ച ചെയ്​തത്​. ഇതോടൊപ്പം പഴയ മസ്​കറ്റ് നഗരത്തിൽ ജല ടാക്​സി ആരംഭിക്കുന്നതും ചർച്ചയായി. വിനോദ സഞ്ചാര രംഗത്തെ ആഗോള പ്രവണതകളും ഒമാനിലെ ഹോട്ടൽ, ടൂറിസം മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളും അവലോകനം ചെയ്​തു. ഒമാന്‍റെ സമ്പന്നമായ പൈതൃകവും സംസ്​കാരവും തേച്ചുമിനുക്കി ലോകത്തിന്​ മുന്നിൽ പ്രദർശിപ്പിക്കുന്നതിന്‍റെ സാധ്യതകൾ തേടേണ്ടതുണ്ടെന്ന്​ സെമിനാറിൽ സ്വാഗതം പറഞ്ഞ ഒമാനിലെ മുൻനിര അക്കൗണ്ടിങ്​ അഡ്വൈസറി സ്​ഥാപനമായ ക്രോവ്​ ഒമാൻ മാനേജിങ്​ പാർട്​ണർ ഡേവിസ്​ കല്ലൂക്കാരൻ പറഞ്ഞു. ഈ ലക്ഷ്യം മുൻ നിർത്തി ക്രോവും ഒമാൻ ചേംബർ ഓഫ്​ കൊമേഴ്​സിന്‍റെ ടൂറിസം, വിദേശ നിക്ഷേപ കമ്മിറ്റികളും ഇൻഡോ ഗൾഫ്​ മിഡിലീസ്​റ്റ്​ ചേംബർ ഓഫ്​ കൊമേഴ്​സും നടത്തിവന്ന ശ്രമങ്ങളുടെ പൂർണതയാണ്​ ടൂറിസം സെമിനാർ.

ഒമാനെ ഒമാനാക്കുന്ന കലയെയും പാരമ്പര്യത്തെയും കുറിച്ചുള്ള അറിവും ആസ്വാദനവും യുവാക്കളിലും വിദ്യാർഥികളിലും വളർത്തിയെടുക്കേണ്ടത്​ രാജ്യത്തി​ന്‍റെ തനത്​ സാംസ്​കാരിക പൈതൃകത്തി​ന്‍റെ പതാക വാഹകരെന്ന നിലയിൽ നമ്മളുടെ ഉത്തരവാദിത്വമാണെന്നും ഡേവിസ്​ കല്ലൂക്കാരൻ പറഞ്ഞു. വെനീസ്​ മാതൃകയിൽ മസ്​കറ്റ് ബിനാലെ കലാപ്രദർശനം ആരംഭിക്കുന്നത്​ ഈ ദിശയിലെ സുപ്രധാന ചുവടുവെപ്പായിരിക്കും.

വിദ്യാർഥികൾക്കും യുവാക്കൾക്കും കലാ പ്രദർശനങ്ങൾ കാണാനും അനുഭവിക്കാനും അവസരമൊരുക്കുക വഴി അവരുടെ സർഗാത്​മകത വളർത്തിയെടുക്കാനും കഴിയും. കലയും സംസ്​കാരവും വിദ്യാഭ്യാസ സ​മ്പ്രദായത്തോട്​ കൂട്ടിച്ചേർക്കുക വഴി ഭാവി തലമുറ രാജ്യത്തിന്‍റെ സമ്പന്നമായ പൈതൃകത്തി​ന്‍റെ കാത്തുസൂക്ഷിപ്പുകാരാകുമെന്നും ഡേവിസ്​ കല്ലൂക്കാരൻ കൂട്ടിച്ചേർത്തു. വിനോദം, തീംപാർക്ക്​, ഇവൻറുകൾ, ആകർഷണങ്ങൾ എന്നിവയിലൂന്നിയായിരിക്കണം ടൂറിസം മേഖലയുടെ വികസനമെന്ന്​ തുടർന്ന്​ സംസാരിച്ച ഹോർവാത്ത്​ എച്ച്​.ടി.എൽ ഗ്ലോബൽ ഡയറക്​ടർ ജെയിംസ്​ ചാപ്പൽ പറഞ്ഞു. ടൂറിസം ലക്ഷ്യ സ്​ഥാനങ്ങൾ വികസിപ്പിക്കു​മ്പോൾ അങ്ങോടുള്ള വഴി, താമസം, സൗകര്യങ്ങൾ, ആകർഷണങ്ങൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. ബജറ്റ്​ വിമാന കമ്പനി, ബജറ്റ്​ താമസ സൗകര്യം എന്നിവക്ക്​ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന്​ വിസ്​മരിക്കാനാകാത്ത പങ്കാളിത്തമുണ്ട്​. ഇതോടൊപ്പം സാമൂഹിക മാധ്യമങ്ങളെയും ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ടെന്ന്​ ജെയിംസ്​ ചാപ്പൽ പറഞ്ഞു. എച്ച്​.ടി.എൽ സ്​പെയിൻ സീനിയർ ഡയറക്​ടർ ഫിലിപ്പ്​ ബേക്കൺ ഒമാനിലെ ഹോട്ടൽ, ടൂറിസം രംഗത്തെ കുറിച്ച്​ പ്രസന്‍റേഷൻ അവതരിപ്പിച്ചു. രാജ്യത്തെ എല്ലാത്തരം കോളജുകളിലും കലാ പ്രദർശനത്തിന്​ പ്രത്യേക ഇടം അനുവദിക്കണമെന്ന്​ ഒമാൻ ബിനാലെയെ കുറിച്ച പ്രസന്റേഷനിൽ ലോക പ്രശസ്​ത കലാകാരനും ആർട്ട്​ ക്യൂറേറ്ററും കൊച്ചി ആർട്ട്​ ഫൗണ്ടേഷൻ പ്രസിഡൻറുമായ ബോസ്​ കൃഷ്​ണമാചാരി പറഞ്ഞു. ഇവിടെ കൃത്യമായ ഇടവേളകളിൽ പ്രദർശനങ്ങളും സെമിനാറുകൾ സംഘടിപ്പിക്കണം. കലയുമായുള്ള ഇടപെടൽ കുട്ടികളിൽ കൃത്യമായ സമയത്ത്​ തീരുമാനമെടുക്കുന്നത്​ ഉൾപ്പെടെ ഗുണങ്ങൾ വളർത്തിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പഴയ മസ്​കറ്റ് നഗരത്തിൽ ജലടാക്​സി സേവനമാരംഭിക്കുന്നത്​ വഴി ബിനാലെക്ക്​ എത്തുന്നവരെ ആകർഷിക്കാനാകുമെന്ന്​ ഇന്ത്യയിൽ നിന്നുള്ള സമുദ്ര ഷിപ്പ്​ ബിൽഡിങ്​ യാർഡ്​ സി.എം.ഡി ഡോ. ജീവൻ സുധാകരനും വെസ്​റ്റ്​ കോസ്​റ്റ്​ മറൈൻ യാച്ച്​ സർവീസ്​ ഡയറക്​ടർ ജിതേന്ദ്ര റാമിയും ചൂണ്ടികാട്ടി. ഒമാനിലെ ഹോസ്​പിറ്റാലിറ്റി മേഖലയിലെ വെല്ലുവിളികളും അവസരങ്ങളും തിരിച്ചറിയുന്നതിനായി പഠനം നടത്തേണ്ടതുണ്ടെന്ന്​ ക്രോവ്​ ഒമാൻ ഡയറക്​ടർ രാജേഷ്​ പന്ത്​ സമാപന സെഷനിൽ പറഞ്ഞു. ക്രോവ്​ ഒമാൻ പാർട്ട്​ണർ അഡ്വൈസറി ആദെൽ മണിയാർ പരിപാടിയിൽ പങ്കെടുത്തു. ഫ്രാൻസ്​, ഇറ്റലി, ലെബനോൺ, ഫിലിപ്പൈൻസ്​, സ്​പെയിൻ, ജർമനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളുടെ അംബാസഡർമാരും ഒമാൻ ചേംബർ ഓഫ്​ കൊമേഴ്​സ്​ ടൂറിസം, വിദേശ നിക്ഷേപ കമ്മിറ്റി, ഇൻഡോ ഗൾഫ്​ മിഡിലീസ്​റ്റ്​ ചേംബർ ഓഫ്​ കൊമേഴ്​സ്​ പ്രതിനിധികളടക്കമുള്ളവർ സെമിനാറിൽ 

പ​ങ്കെടുത്തു

Trending

No stories found.

Latest News

No stories found.