
ഒരു മണിക്കൂറോളം വിമാനത്താവളത്തിൽ കുടുങ്ങി ഷിൻഡെ
മുംബൈ: ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ വിമാനം പറത്താൻ പൈലറ്റ് വിസമ്മതിച്ചോടെ വിമാനത്താവളത്തിൽ ഒരു മണിക്കൂറോളം കുടുങ്ങി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ഷിൻഡെയുടെ സ്വകാര്യ വിമാനത്തിന്‍റെ പൈലറ്റാണ് ജോലി സമയം കഴിഞ്ഞതിനാൽ ഇനിയും ജോലി ചെയ്യാൻ ആകില്ലെന്ന് അറിയിച്ചത്. വെള്ളിയാഴ്ച ജൽഗാവിൽ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്യാനെത്തിയപ്പോഴാണ് ഷിൻഡെയുടെ പൈലറ്റ് ഉടക്കിയത്.
പാൽഖി യാത്രയിൽ പങ്കെടുക്കുന്നതിനായാണ് ഷിൻഡെ ജൽഗാവിലെത്തിയത്. വൈകിട്ട് 3.45ന് ജൽഗാവിൽ എത്തുമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ മൂലം രണ്ടര മണിക്കൂറോളം വൈകി യാണ് അദ്ദേഹം എത്തിയത്. മന്ത്രിമാരായ ഗിരീഷ് മഹാജൻ, ഗുലാബ് റാവു പാട്ടീൽ എന്നിവരും ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.പരിാടിയിൽ പങ്കെടുത്തതിനു ശേഷം സന്ത് മുക്‌തൈ ക്ഷേത്രത്തിലും ഷിൻഡെ ദർശനം നടത്തി. എല്ലാത്തിനുമൊടുവിൽ വൈകിട്ട് 9.15നാണ് ഷിൻഡെയും സംഘവും ജൽഗാവ് വിമാനത്താവളത്തിലെത്തിയത്.
അപ്പോഴാണ് പൈലറ്റ് തന്‍റെ ജോലി സമയം കഴിഞ്ഞുവെന്നും ഇനി വിമാനം പറത്താൻ ആകില്ലെന്നും വ്യക്തമാക്കിയത്. തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും പൈലറ്റ് അവകാശപ്പെട്ടിരുന്നു. മന്ത്രിമാരായ മഹാജനും പാട്ടിലും മറ്റ് ജീവനക്കാരും ചേർന്ന് പൈലറ്റുമായി 45 മിനിറ്റോളം ചർച്ച നടത്തിയാമ് സമവായത്തിൽ എത്തിയത്. സമയം അധികരിച്ചാൽ പ്രത്യേക ക്ലിയറൻസ് വാങ്ങിയതിനു ശേഷമാണ് ഷിൻഡെയുടെ വിമാനം പറന്നുയർന്നത്.