

മുംബൈ: ഓണം പോലുള്ള സാംസ്കാരികത്തനിമയാർന്ന ആഘോഷങ്ങൾ മനുഷ്യരെ നല്ല പാതകളിൽ ജീവിക്കുവാൻ പ്രേരണ നൽകുന്നുവെന്നും അതുകൊണ്ട് ഓണം പോലുള്ള ആഘോഷങ്ങളുടെ മഹത്വം നമ്മൾ മനസിലാക്കണമെന്നും ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. വസായിൽ പ്രതീക്ഷ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശസ്തിക്കു വേണ്ടി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നവർ കൂടുതലുള്ള ഈ കാലത്ത് അവരിൽ നിന്നു വേറിട്ട വ്യക്തിത്വമാണ് സുരേഷ് ഗോപിയുടേതെന്ന് ഗവർണർ പറഞ്ഞു. സ്വാർഥത തീരെയില്ലാതെ തന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും ജാതി-മത-രാഷ്ട്രീയ ഭേദമില്ലാതെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി ചെലവിടുന്ന സുരേഷ് ഗോപിയുടെ ജീവിതം തന്നിൽ മതിപ്പുളവാക്കിയെന്നും അദ്ദേഹം പറഞ്ഞു.
തന്റെ രാഷ്ട്രീയ-സാംസ്കാരിക ജീവിതത്തിൽ മുംബൈയ്ക്ക് പ്രത്യേകിച്ച് വസായിക്ക് സുപ്രധാന സ്ഥാനമുണ്ടെന്നും, ചലച്ചിത്ര നടൻ എന്ന നിലയിൽ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ടെങ്കിലും ജീവകാരുണ്യ പ്രവർത്തനം മുൻനിർത്തി ആദ്യമായി ഒരവാർഡ് തനിക്ക് ലഭിക്കുന്നത് വസായിൽ വച്ചാണെന്നും ചടങ്ങിൽ സംസാരിച്ച സുരേഷ് ഗോപി പറഞ്ഞു.
ഓണാഘോഷം ഭദ്രദീപം കൊളുത്തി ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനം മുൻനിർത്തി സുരേഷ് ഗോപിയെ പുരസ്കാരം നല്കി ഗവർണർ ആദരിച്ചു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച സജി ചെറിയാൻ, തോമസ് കോയാട്ട്, ആന്റോ ചിറയത്ത് ആന്റണി, ഒപീന്ദർ സിംഗ്, അമരദാസൻ നായർ, സുജയ പാർവതി, ഐശ്വര്യ നമ്പ്യാർ, ആനന്ദ ജ്യോതി, അജിത അനീഷ് എന്നിവർക്ക് പ്രതീക്ഷ പുരസ്കാരം ഗവർണർ സമ്മാനിച്ചു.
മലബാർ ഗോൾഡ് ആന്റ് ഡയമണ്ട് മുഖേന പ്രതീക്ഷ ഫൗണ്ടേഷന് ലഭിച്ച വിവിധ മെഡിക്കൽ ഉപകരണങ്ങൾ അടങ്ങിയ ഡോക്ടർ കിറ്റുകൾ വസായിലെ എട്ട് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് ഗവർണറും സുരേഷ് ഗോപിയും രാജേന്ദ്ര ഗാവിത് എംപിയും ചേർന്ന് വിതരണം ചെയ്തു. ജില്ലാ ഹെൽത്ത് ഓഫീസറും താലൂക്ക് മെഡിക്കൽ ഓഫീസറും പിഎച്ച്സി അധികൃതരും ചേർന്ന് കിറ്റുകൾ ഏറ്റുവാങ്ങി.
മലബാർ ഗോൾഡ് ആന്റ് ഡയമണ്ട് റീജണൽ മാനേജർ ഫൻസിലിനെ സുരേഷ് ഗോപി ആദരിച്ചു. സുത്യർഹമായ സേവനം അനുഷ്ഠിച്ച വസായ് മണിക്പൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സബ്ബ് ഇൻസ്പെക്ടർ സമ്പത്ത് പാട്ടീൽ, അഗാശി പിഎച്ച്സിയിലെ ഡോ. അൽമാസ് ഖാൻ, സ്വകാര്യ മെഡിക്കൽ പ്രാക്ടീഷണർ ഡോ. പ്രശാന്ത് റാവത്ത് എന്നിവരെ ഗവർണർ ആദരിച്ചു. ആശാ പ്രവർത്തകർക്കും മാധ്യമ പ്രവർത്തകർക്കും സമൂഹത്തിലെ മറ്റ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും സുരേഷ് ഗോപി ഓണക്കോടി സമ്മാനിച്ചു.
വസായ് സെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ പള്ളി വികാരി ഫാ.ജോഷ്വാ എബ്രഹാം, നാസിക് എൻ എസ് എസ് ജനറൽ സെക്രട്ടറി പാർഥൻ പിള്ള, കേന്ദ്രീയ നായർ സംഘടന ചെയർമാൻ ഹരികുമാർ മേനോൻ എന്നിവരും പരിപാടിയിൽ സംസാരിച്ചു. പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി. ഉത്തംകുമാർ സ്വാഗതവും ആഘോഷ കമ്മിറ്റി അധ്യക്ഷൻ സുരേഷ്കുമാർ ഐക്കര നന്ദിയും പറഞ്ഞു. സുരേഷ് ഗോപിയുടെ പത്നി രാധികയും പരിപാടിയിൽ പങ്കെടുത്തു.
സുനിൽ സോപാനം ചേർത്തല അവതരിപ്പിച്ച സോപാന സംഗീതം, ഡോ. ലതാ സുരേന്ദ്രനും സംഘവും അവതരിപ്പിച്ച ഭരതനാട്യം, സുമ പൊതുവാളും സംഘവും അവതരിപ്പിച്ച തിരുവാതിരകളി, വസായ് നായർ വെൽഫെയർ അസോസിയേഷൻ വനിതാ വിഭാഗം അവതരിപ്പിച്ച കേരള നടനം, വസായ് സാധനാ നൃത്താലയത്തിലെ സാന്ദ്രാ നായരും സംഘവും അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ, വിപഞ്ചിക അവതരിപ്പിച്ച നാടോടിനൃത്തം, മുംബൈ എയ്ഞ്ചൽ വോയ്സ് അവതരിപ്പിച്ച കരോക്കെ ഗാനമേള എന്നീ കലാപരിപാടികൾ തുടർന്ന് വേദിയിൽ അവതരിപ്പിച്ചു. ഓണ സദ്യയും ഉണ്ടായിരുന്നു.