

ഫയൽ ചിത്രം
മുംബൈ: കനത്ത മഴയിൽ മരം വീണ് മുംബൈയിൽ രണ്ടു പേർ മരിച്ചു. രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി ബൈക്ക് യാത്രികനായ യുവാവും മുതിർന്ന പൗരനുമാണ് മരിച്ചത്. ഇതോടെ ഇത്തവണ മഴക്കെടുതിയിൽ മുംബൈയിൽ മരിച്ചവരുടെ എണ്ണം മൂന്നായി ഉയർന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് 12.40ന് കുർള വെസ്റ്റിനു അടുത്തുള്ള നൗപാഡയിലെ ഹിന്ദി ബിഎംസി സ്കൂളിനു സമീപത്തെ കടയിലേക്ക് മരം വീണാണ് മുതിർന്ന പൗരനായ യൂനുസ് മരിച്ചത്. കെട്ടിടാവിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇയാളെ ഉടൻ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ഈസ്റ്റ് ജോർജിയനിലെ ആരായ് കോളനിയിലാണ് മരം വീണ് യുവാവ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കുമാർ ഹസൻ റാസ ജഹാംഗീർ ആലം സൈദ് (18) ആണ് മരിച്ചത്. യുവാവിന്‍റെ തലയിലേക്ക് മരച്ചില്ല പതിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്‌റ്റർമാർ സ്ഥിരീകരിച്ചു.
ജൂൺ 30ന് ചെമ്പൂരിൽ സ്കൂൾ ബസിനു മുകളിൽ മരം വീണ് 11കാരനായ വിദ്യാർഥി മരിച്ചതാണ് ഇത്തവണ മഴക്കെടുതിയിൽ റിപ്പോർട്ട് ചെയ്ത ആദ്യ മരണം.