

5,000 പേർക്ക് ജീവിതകാലം മുഴുവൻ വീടൊരുക്കാൻ റിലയൻസ് ഫൗണ്ടേഷൻ; 'നിത മുകേഷ് അംബാനി അനന്ത് ആശ്രയ്' പദ്ധതിക്ക് തുടക്കം
മുംബൈ: അനാഥരായ കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ജീവിതകാലം മുഴുവൻ സുരക്ഷിതവും സ്നേഹപൂർണവുമായ താമസവും പരിചരണവും ഉറപ്പാക്കാൻ റിലയൻസ് ഫൗണ്ടേഷൻ. ഇതിനായി "നിത മുകേഷ് അംബാനി അനന്ത് ആശ്രയ്" എന്ന പേരിൽ 100 ഏക്കറിൽ സമഗ്ര ടൗൺഷിപ്പ് സ്ഥാപിക്കും. റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സണുമായ നിത എം. അംബാനിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മുംബൈയ്ക്ക് സമീപം കർജാത്തിൽ പദ്ധതിയുടെ ഭൂമിപൂജയും ശിലാസ്ഥാപനവും നിർവഹിച്ചു.
5,000-ത്തിലധികം പേർക്ക് ജീവിതകാലം മുഴുവൻ താമസവും പരിചരണവും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. താമസക്കാർക്ക് പുറമെ പരിചാരകർ, ആരോഗ്യപ്രവർത്തകർ, മറ്റ് ജീവനക്കാർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവരടക്കം ഏകദേശം 15,000 പേർക്ക് ഈ സംരംഭത്തിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആവശ്യമായ അനുമതികൾക്ക് വിധേയമായി വിവിധ ഘട്ടങ്ങളിലായാണ് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഈ സ്ഥാപനം വികസിപ്പിക്കുക.
ഓരോ വ്യക്തിക്കും അന്തസ്സോടെയും ആത്മവിശ്വാസത്തോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയെന്നതാണ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം. റിലയൻസ് ഫൗണ്ടേഷന്റെ 'വി കെയർ' എന്ന ആശയത്തിന്റെ ഭാഗമായാണ് അനന്ത് ആശ്രയ് ഒരുങ്ങുന്നത്.
പദ്ധതിയെക്കുറിച്ച് നിത അംബാനി പറഞ്ഞു: "ഭിന്നശേഷിക്കാർക്കും സംരക്ഷണം ആവശ്യമുള്ള കുട്ടികൾക്കും പരിചരണവും സ്നേഹവും ആഗ്രഹിക്കുന്ന മുതിർന്നവർക്കും ഒരു കുടുംബത്തിന്റെ ഊഷ്മളതയുള്ള വീട് ഒരുക്കാനുള്ള ശ്രമമാണിത്. വൈദ്യസഹായവും കരുതലും കുടുംബജീവിതത്തിന്റെ സ്നേഹവും ഒത്തുചേരുന്ന ഒരു സമൂഹമാണ് ഞങ്ങൾ വിഭാവനം ചെയ്യുന്നത്. പ്രകൃതിയോടിണങ്ങി ജീവിക്കാനും പഠിക്കാനും ജോലി ചെയ്യാനും സൗഹൃദങ്ങൾ സ്ഥാപിക്കാനും ആഘോഷങ്ങളിൽ പങ്കുചേരാനുമുള്ള അവസരങ്ങളും ഇവിടെ ഉണ്ടാകും."
തങ്ങളുടെ കാലശേഷം ഭിന്നശേഷിക്കാരായ മക്കളെ ആര് സംരക്ഷിക്കുമെന്ന ആശങ്കയിൽ കഴിയുന്ന മാതാപിതാക്കൾക്ക് ആശ്വാസം നൽകുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്നും അവർ കൂട്ടിച്ചേർത്തു.
എട്ട് ഗ്രാമങ്ങൾ; കുടുംബാന്തരീക്ഷത്തിലുള്ള താമസം
ഇന്ത്യയിലെ പുണ്യനദികളുടെ പേരുകളിൽ അറിയപ്പെടുന്ന എട്ട് റെസിഡൻഷ്യൽ ഗ്രാമങ്ങളായാണ് അനന്ത് ആശ്രയ് വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ ഗ്രാമത്തിനും വ്യത്യസ്ത നിറങ്ങളും ചിഹ്നങ്ങളും പ്രത്യേക ഉദ്യാനങ്ങളുമുണ്ടാകും. താമസക്കാർക്ക് പരിസരം എളുപ്പത്തിൽ തിരിച്ചറിയാനും സ്വതന്ത്രമായി സഞ്ചരിക്കാനും ഇത് സഹായിക്കും.
ചെറിയ കുടുംബവീടുകളുടെ മാതൃകയിലായിരിക്കും താമസസൗകര്യങ്ങൾ. ഓരോ വീട്ടിലും പ്രത്യേക പരിശീലനം ലഭിച്ച പരിചാരകരും ഹൗസ് പേരന്റ്സും ഉണ്ടാകും. താമസക്കാർക്ക് സ്വന്തം മുറികൾ ഇഷ്ടാനുസരണം ക്രമീകരിക്കാനും വ്യക്തിപരമായ വസ്തുക്കളും ചിത്രങ്ങളും സൂക്ഷിക്കാനുമുള്ള സൗകര്യമുണ്ടാകും.
ഓരോ വ്യക്തിയുടെയും ആരോഗ്യസ്ഥിതി, വിദ്യാഭ്യാസം, തൊഴിൽപരമായ കഴിവുകൾ, വ്യക്തിഗത ആവശ്യങ്ങൾ, മാനസികക്ഷേമം എന്നിവ പരിഗണിച്ച് പ്രത്യേക പരിചരണ-വികസന പദ്ധതികൾ തയ്യാറാക്കും. ആറുമാസത്തിലൊരിക്കലെങ്കിലും ഇവ വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തും.
ആശുപത്രി, പുനരധിവാസ കേന്ദ്രം, സ്കൂളുകൾ ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, പുനരധിവാസം, വിനോദം, തൊഴിൽപരിശീലനം എന്നിവയെല്ലാം ഒരൊറ്റ കേന്ദ്രത്തിൽ ലഭ്യമാക്കുന്ന രീതിയിലാണ് ടൗൺഷിപ്പ് രൂപകൽപ്പന ചെയ്യുന്നത്.
പ്രത്യേക ആശുപത്രി, ഫിസിയോതെറാപ്പി, ഒക്കുപ്പേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, ഹൈഡ്രോതെറാപ്പി തുടങ്ങിയ സേവനങ്ങളുള്ള പുനരധിവാസ കേന്ദ്രങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമാകും. അപസ്മാര ചികിത്സ, പ്രത്യേക പരിചരണം ആവശ്യമുള്ളവർക്കുള്ള ദന്തചികിത്സ, പാലിയേറ്റീവ് കെയർ തുടങ്ങിയ സൗകര്യങ്ങളും ആശുപത്രിയിലുണ്ടാകും.
പ്രത്യേക വിദ്യാഭ്യാസ സംവിധാനത്തിനൊപ്പം കുട്ടികൾക്കായി പൊതുവിദ്യാഭ്യാസ സ്ഥാപനവും ഒരുക്കും. കായിക-വിനോദ സൗകര്യങ്ങൾ, സംഗീതം, കലാപരിശീലനം, സെൻസറി അനുഭവങ്ങൾ എന്നിവയ്ക്കും പ്രാധാന്യം നൽകും.
വൈദഗ്ധ്യ പരിശീലനത്തിനും തൊഴിൽ അവസരങ്ങൾക്കുമായി ബേക്കറി, കഫേ, കരകൗശല പരിശീലന കേന്ദ്രങ്ങൾ എന്നിവയും സ്ഥാപിക്കും. മൃഗങ്ങളുമായുള്ള സൗഹൃദവും ഇടപെടലും പ്രോത്സാഹിപ്പിക്കുന്ന ഫാമും വന്താരയുടെ വൈദഗ്ധ്യത്തോടെ ഒരുക്കും. കൂടാതെ, കുടുംബങ്ങൾക്ക് താൽക്കാലിക പരിചരണസഹായം നൽകുന്ന കേന്ദ്രങ്ങൾ, മൊബൈൽ മെഡിക്കൽ ക്ലിനിക്കുകൾ, ഭിന്നശേഷി പരിചരണ മേഖലയിലെ ജീവനക്കാരെ പരിശീലിപ്പിക്കുന്ന ദേശീയ അക്കാദമി, പാലിയേറ്റീവ് പരിചരണത്തിനുള്ള പ്രത്യേക വിഭാഗം എന്നിവയും പദ്ധതിയിലുണ്ടാകും.