

ഏക്നാഥ് ഷിൻഡേ
മുംബൈ: ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പു ഫലം വന്നതിനു തൊട്ടു പുറകേ റിസോർട്ട് രാഷ്ട്രീയത്തെ കൂട്ടു പിടിച്ച് മുംബൈ. ഏക്നാഥ് ഷിൻഡേ നേതൃത്വം നൽകുന്ന ശിവസേനയാണ് ഇത്തവണ റിസോർട്ട് രാഷ്ട്രീയത്തെ കൂട്ടു പിടിച്ചിരിക്കുന്നത്. തങ്ങളുടെ പാർട്ടിയിൽ നിന്നും വിജയിച്ച എല്ലാ അംഗങ്ങളെയും ഫലം വന്ന് തൊട്ടു പിറ്റേ ദിവസം മുതൽ ഷിൻഡേ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റി. ബിജെപിയും ഷിൻഡേ വിഭാഗം ശിവസേനയും അടങ്ങുന്ന മഹായുതി സഖ്യമാണ് ഇത്തവണ മുംബൈയിൽ വിജയിച്ചത്.
28 വർഷം നീണ്ടു നിന്ന താക്കറേ ഭരണം അവസാനിപ്പിച്ചാണ് മഹായുതി മുംബൈയിൽ ഭരണത്തിനൊരുങ്ങുന്നത്. സഖ്യം കേവലഭൂരിപക്ഷം കടന്നിട്ടുണ്ടെങ്കിലും ഒരു പാർട്ടിക്കും ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടില്ല. പ്രതിപക്ഷ പാർട്ടികൾ ഒരുമിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഷിൻഡേ റിസോർട്ട് രാഷ്ട്രീയം പുറത്തെടുത്തിരിക്കുന്നതെന്നാണ് നിരീക്ഷകർ പറയുന്നത്. ബിഎംസി മേയർ പദവിയുടെ കാര്യത്തിൽ സമവായത്തിനു തയാറല്ലാത്തതു കൊണ്ടും ബിജെപിയോട് പദവികൾ ചോദിച്ചു വാങ്ങാൻ ഒരുങ്ങുന്നതു കൊണ്ടുമാണ് ഷിൻഡേ മുൻകൂട്ടി അംഗങ്ങളെ മാറ്റിയതെന്നും വിലയിരുത്തരുണ്ട്.
227 സീറ്റുകളുള്ള ബിഎംസിയിൽ 114 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിനായി വേണ്ടത്. ബിജെപി 89 സീറ്റുകളിലും ഷിൻഡേയുടെ ശിവസേന 29 സീറ്റുകളിലുമാണ് വിജയിച്ചത്. ഇരു പാർട്ടികളും ചേർന്ന് 118 സീറ്റുകളോടെ അധികാരം ഉറപ്പാക്കിയിട്ടുണ്ട്.
അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻസിപി ഒറ്റയ്ക്കാണ് മത്സരിച്ചത്. മൂന്നു വാർഡുകളിലാണ് എൻസിപി വിജയിച്ചത്. ഈ‘സീറ്റുകളും മഹായുതിയുടെ പക്കൽ സുരക്ഷിതമാണെന്നാണ് കരുതുന്നത്.
മറുപക്ഷത്തെ കാര്യമെടുത്താൻ ശിവസേന (യുബിടി) 65 വാർഡുകളും മഹാരാഷ്ട്ര നവ നിർമാൺ സേന ആറു സീറ്റുകളും ശരദ് പവാറിന്‍റെ എൻസിപി ഒരു സീറ്റും നേടിയിട്ടുണ്ട്. ആകെ 72 സീറ്റുകളാണ് പ്രതിപക്ഷത്തിനു സ്വന്തമായുള്ളത്. ഒറ്റയ്ക്ക് മത്സരിച്ച കോൺഗ്രസിന് 24 സീറ്റുകളും എഐഎംഐഎം ന് 8 സീറ്റുകളും എസ് പിക്ക് രണ്ട് സീറ്റുകളും ലഭിച്ചു.
മഹായുതി സഖ്യത്തിനു പുറത്തുള്ള കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ഒരുമിക്കുകയാണെങ്കിൽ 106 സീറ്റ് എന്ന നിലയിലേക്ക് മറുപക്ഷം ഉയരും. അങ്ങനെയെങ്കിൽ കേവലഭൂരിപക്ഷത്തിനായി വെറും എട്ടു അംഗങ്ങളുടെ കുറവു മാത്രമേ ഉണ്ടാകൂ. അങ്ങനെയൊരു സാഹചര്യമുണ്ടായാൽ ഷിൻഡേയുടെ ശിവസേനയിൽ നിന്ന് അംഗങ്ങളെ ഏതെങ്കിലും വിധത്തിൽ കൈക്കലാക്കാൻ മറുവിഭാഗം ശ്രമിക്കുമെന്ന ഭയവും മഹായുതിക്കുണ്ട്.
ഈ സാഹചര്യത്തിലാണ് മുംബൈയിൽ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് കളമൊരുങ്ങുന്നത്. വെറും എട്ട് അംഗങ്ങളെ തങ്ങളുടെ പാളയത്തിലേക്ക് കൊണ്ടു വന്നാൽ മഹായുതിയുടെ സ്വപ്നങ്ങളെല്ലാം തകർത്തു കൊണ്ട് വേണമെങ്കിൽ മറുഭാഗത്തിന് അധികാരത്തിലേറാം. ബിഎംസിയിൽ അധികാരമെന്ന ബിജെപിയുടെ സ്വപ്നം അതോടെ പൊലിയും.
ബിജെപിയേക്കാൾ സീറ്റ് കുറവാണെങ്കിൽ പോലും മേയർ പദവിയിലേക്കാണ് ഷിൻഡേ വിഭാഗം കണ്ണു നട്ടിരിക്കുന്നത്. കിങ്മേക്കർ എന്ന നിലയിൽ അതിൽ കുറഞ്ഞതൊന്നും ഷിൻഡേ മുന്നോട്ടു വയ്ക്കുന്നുമില്ല.