

കേതൻ അഗർവാൾ, സിയ ഗോയൽ
മുംബൈ: യുവ വ്യവസായി കേതന്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി സിയ ഗോയല്‍. വീട്ടുകാരോട് പറഞ്ഞ് വിവാഹം വേണ്ടെന്നു വയ്ക്കുന്നതിനേക്കാള്‍ എളുപ്പം കേതനെ കൊല്ലുന്നതാണെന്ന് തോന്നിയെന്ന് ചോദ്യം ചെയ്യലില്‍ സിയ പൊലീസിനോട് കുറ്റസമ്മതം നടത്തി.
കുടുംബത്തെ വേദനിപ്പിക്കാന്‍ തനിക്ക് താല്‍പര്യമില്ലായിരുന്നു. അതുകൊണ്ടാണ് വിവാഹം വേണ്ടെന്ന് വയ്ക്കുന്നതിന് പകരം പ്രതിശ്രുത വരനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചതെന്നും സിയ പറഞ്ഞു. സിയയുടെ സഹോദരനെയും ബന്ധുക്കളെയും കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തു.
10 മണിക്കൂറിലേറെ വെള്ളിയാഴ്ച സഹോദരനെ ചോദ്യം ചെയ്തിരുന്നു. പിന്നീട് ശനിയാഴ്ചയും ഇയാളെ ചോദ്യം ചെയ്തു.
സിയയുടെ കാമുകന്‍ ചേതനെ പരിചയപ്പെട്ടിട്ടുണ്ടെന്ന് സഹോദരന്‍ മൊഴി നല്‍കിയിട്ടുണ്ട്. പുണെ പൊലീസിന്‍റെ 6 സംഘമാണ് കേസ് അന്വേഷിക്കുന്നത്.