മുളുണ്ട് സെന്‍റ് ഗ്രീഗോറിയോസ് യാക്കോബായ പള്ളി രജതജൂബിലിയാഘോഷം സമാപിച്ചു

വിശുദ്ധ പരുമല തിരുമേനിയുടെ ജീവിതം സേവനത്തിന്‍റെ മാതൃക
Silver Jubilee celebrations of St. Gregorios Jacobite Church, Mulund, have concluded.

മുളുണ്ട് സെ്ന്റ് ഗ്രീഗോറിയോസ് യാക്കോബായ പള്ളി രജതജൂബിലിയാഘോഷം

Updated on: 

മുംബൈ: മുളുണ്ട് സെന്‍റ് ഗ്രീഗോറിയോസ് യാക്കോബായ പള്ളിയുടെ രജതജൂബിലി ആഘോഷവും പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളും ഭക്തിനിര്‍ഭരമായി സമാപിച്ചു. മുംബൈ ഭദ്രാസന സഹായ മെത്രാപ്പൊലീത്ത കുര്യാക്കോസ് മോര്‍ യൗസേബിയോസിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ശുശ്രൂഷകളില്‍ വൈദികരും വിശ്വാസികളും പങ്കെടുത്തു.

പ്രത്യേക സന്ധ്യാപ്രാര്‍ഥനകള്‍, സുവിശേഷപ്രസംഗം, വിശുദ്ധകുര്‍ബാന, പ്രദക്ഷിണം, പൊതുസമ്മേളനം എന്നിവയോടെ രജതജൂബിലി ആഘോഷം സമാപിച്ചത്.ഒക്ടോബര്‍ 31-ന് രാവിലെ മൂന്നിന്മേല്‍ കുര്‍ബാനയും വൈകുന്നേരം മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും ഭക്തിനിര്‍ഭരമായ റാസയും നടന്നു. പിന്നീട് നടന്ന രജതജൂബിലി പൊതുസമ്മേളനത്തില്‍ പ്രമുഖ മത, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ വ്യക്തികള്‍ പങ്കെടുത്തു.

വിശുദ്ധ പരുമല തിരുമേനിയുടെ ജീവിതം പ്രാര്‍ത്ഥനയുടെയും വിനയത്തിന്റെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും ഉത്തമ മാതൃകയാണെന്ന് മുഖ്യകാര്‍മികത്വം വഹിച്ച അഭിവന്ദ്യ കുര്യാക്കോസ് മോര്‍ യൗസേബിയോസ് തിരുമേനി പറഞ്ഞു. വിശ്വാസത്തോടൊപ്പം സഹജീവികളോടുള്ള സ്‌നേഹവും കരുതലും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുമ്പോഴാണ് വിശുദ്ധന്‍റെ സ്മരണ അര്‍ഥപൂര്‍ണമാകുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

1876-ല്‍ വിശുദ്ധനാട് സന്ദര്‍ശിക്കാനുള്ള യാത്രാമധ്യേ പരുമല തിരുമേനി മുംബൈയിലെത്തിയപ്പോള്‍ ഇവിടെ യാക്കോബായ സഭയ്ക്ക് സ്വന്തമായി ഒരു ദേവാലയം ഉണ്ടായിരുന്നില്ലെന്നും മുംബൈയില്‍ ഒരു യാക്കോബായ ദേവാലയം സ്ഥാപിക്കണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിരുന്നുവെന്നും മുഖ്യാതിഥിയായ ബെന്നി ബഹനാന്‍ എം.പി. അനുസ്മരിച്ചു. പരുമല തിരുമേനിയുടെ ആഗ്രഹത്തിന്റെ സാക്ഷാത്കാരം മാത്രമല്ല, ഇന്ന് രജതജൂബിലി ആഘോഷിക്കുന്ന നിലയിലേക്ക് മുളുണ്ട് സെന്റ് ഗ്രീഗോറിയോസ് യാക്കോബായ പള്ളി വളര്‍ന്നതും അഭിമാനകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.