ചേരികൾ ഒഴിപ്പിക്കുന്നു; ധാരാവിയുടെ മുഖം മാറും

ധാരാവി പുനർവികസനത്തിന്‍റെ ഭാഗമായി ഷാഹുനഗറിലെ 900 പേരെ താത്കാലിക താമസസ്ഥലങ്ങളിലേക്കും വാടകവീടുകളിലേക്കും മാറ്റി, പുതിയ ഫ്ലാറ്റുകൾ പൂർത്തിയാക്കി മാറ്റിപ്പാർപ്പിക്കും
Dharavi redevelopment: Shahunagar slum evictions begin

ധാരാവിയെല ചേരി പ്രദേശം.

File

Updated on

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ചേരിയെന്ന് അറിയപ്പെടുന്ന മുംബൈയിലെ ധാരാവിയുടെ മുഖംമാറ്റുന്ന പുനർവികസന പദ്ധതി നിർണായക ഘട്ടത്തിലേക്ക്. സെക്റ്റർ ആറിനു പിന്നാലെ ഷാഹുനഗറിലെ താമസക്കാർക്കും വീടൊഴിയാൻ ബൃഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നോട്ടീസ് നൽകി. വാടകവീടുകളിലേക്കോ കോർപ്പറേഷൻ ഒരുക്കുന്ന താത്കാലിക ഇടങ്ങളിലേക്കോ മാറാനാണു നിർദേശം.

പുനർവികസന പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന വീടുകൾ പൂർത്തിയാകുന്ന മുറയ്ക്ക് ഇവർക്കു തിരികെ വരാം. ഷാഹുനഗറിലെ 900 പേരോടാണ് മാറിത്താമസിക്കാൻ നിർദേശിച്ചത്. 2028ൽ 10000 വീടുകൾ പൂർത്തിയാക്കി താമസക്കാർക്കു കൈമാറുകയാണു ലക്ഷ്യമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചിരുന്നു.

നോട്ടീസ് ലഭിച്ചവർക്ക് ധാരാവി സെക്റ്റർ അഞ്ചിൽ മഹാരാഷ്‌ട്ര ഹൗസിങ് ആൻഡ് അർബൻ ഡെവലപ്മെന്‍റ് അഥോറിറ്റി (എംഎച്ച്എഡിഎ)യുടെ കെട്ടിടത്തിൽ വീട് അനുവദിക്കും. 500 വീടുകൾ ഇവിടെ സജ്ജമാണ്. മറ്റുള്ളവർക്ക് വാടക വീടൊരുക്കും.

അഞ്ചു വർഷത്തിനുള്ളിൽ ഇതേ സ്ഥലത്ത് ഇവർക്കു വീട് നൽകുമെന്ന് അധികൃതർ. നിലവിൽ 275 ചതുരശ്ര അടിയുള്ള വീടുകളിൽ താമസിക്കുന്നവർക്ക് മാസം 22000 രൂപയും 375 ചതുരശ്ര അടിയുള്ള വീടുകളിൽ താമസിക്കുന്നവർക്ക് 30000 രൂപയും വാടകയായി നൽകും. ‌

ഓരോ വർഷവും ഇതിൽ അഞ്ചു ശതമാനം വർധനയുമുണ്ടാകും. വീട് മാറാൻ ഒറ്റത്തവണ സഹായമായി 15000 രൂപ നൽകും. താമസക്കാർക്ക് 500 ചതുരശ്ര അടി വിസ്തൃതിയുള്ളതോ ഇപ്പോഴുള്ള വീടിന്‍റെ 1.35 മടങ്ങ് അധികം കാർപ്പെറ്റ് ഏരിയയുള്ളതോ ആയ വീടാകും തിരികെ നൽകുക.

മുംബൈ നഗരഹൃദയത്തിലെ ചേരിപ്രദേശത്തെ എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള നഗരപ്രദേശമാക്കി മാറ്റാനുള്ള പദ്ധതിയാണു ധാരാവി പുനർവികസന പദ്ധതി. മഹാരാഷ്‌ട്ര സർക്കാരിന്‍റെ ചേരി പുനരധിവാസ അഥോറിറ്റിയും അദാനി ഗ്രൂപ്പും സംയുക്തമായാണു പദ്ധതി നടപ്പാക്കുന്നത്. ‌‌‌

ആകെ 95,790 കോടി രൂപയുടെ പദ്ധതിയിൽ അദാനി പ്രോപ്പർട്ടീസിന് 80 ശതമാനവും മഹാരാഷ്‌ട്ര സർക്കാരിന് 20 ശതമാനവുമാണ് ഓഹരി. ആകെ 557 ഏക്കറാണ് ചേരിപ്രദേശം. വീട് നിർമാണത്തിനുശേഷം ബാക്കിവരുന്ന ഭൂമി അദാനി ഗ്രൂപ്പിന് ലഭിക്കും.

logo
Metro Vaartha
www.metrovaartha.com