ഇരുമുടിയുമേന്തി താനെയിൽ നിന്ന് ശബരിമലയിലേക്ക്..

ഏകദേശം 30 വർഷത്തിലധികമായി ശബരിമലയിലേക്കുള്ള ഈ ആത്മീയ യാത്ര തുടങ്ങിയിട്ട്.
Thane team to sabarimala
ഇരുമുടിയുമേന്തി താനെയിൽ നിന്ന് ശബരിമലയിലേക്ക്..
Updated on

ഹണി വി ജി

നറുനെയ്യുടെയും കർപ്പൂരത്തിന്‍റെയും സുഗന്ധത്തിനൊപ്പം മുഴങ്ങിക്കേൾക്കുന്ന ശരണം വിളികൾ... കാനനവാസനെ മാത്രം മനസിൽ നിറച്ചു കൊണ്ട് കറുപ്പുടുത്ത് മിഴികളടച്ച് പ്രാർഥിക്കുന്നവർ...അതിരാവിലെ താനെയിലെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിലെത്തുമ്പോൾ ശരണം വിളികൾക്കൊപ്പം ഇരുമുടിക്കെട്ട് നിറയ്ക്കുന്ന തിരക്കിലായിരുന്നു തീർഥാടക സംഘം. ഭഗവാനും ഭക്തനും ഒന്നാണെന്ന തത്ത്വമസിയുടെ പൊരുള്‍ തേടി മുംബൈയിൽ നിന്ന് യാത്ര തിരിക്കുന്ന 122 പേർ... കെട്ടു നിറച്ചു കഴിഞ്ഞ ഓരോ ഭക്തനും അയ്യന്‍റെ അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങാനുള്ള കാത്തിരിപ്പിലാണ്. ശബരിമല തീർഥാടനം എല്ലാ ചിട്ട വട്ടങ്ങളോടെയും പൂർത്തിയാക്കാൻ യാതൊന്നും തടസ്സമാകുന്നില്ല എന്ന് തെളിയിക്കുകയാണ് താനെയിലെ ഒരു കൂട്ടം അയ്യപ്പഭക്തർ. എല്ലാ വർഷത്തെയും പോലെ ഈ വർഷവും മുംബൈയിൽ താമസിച്ചു കൊണ്ട് തന്നെ 41 ദിവസത്തെ വ്രതമെടുത്ത് മാലയിട്ട് കെട്ടും നിറച്ചാണ് വിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും നാനാ ജാതി മതസ്ഥരുമടങ്ങുന്ന സംഘം താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ നിന്നും അയ്യനെ കാണാൻ യാത്ര തിരിച്ചത്.

ക്ഷേത്ര മേൽശാന്തി വടക്കേടം ഗിരീശൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ഇവിടെ പൂജാവിധികൾ. ഗണപതി ഹോമവും മറ്റു ചടങ്ങുകളും നടത്തിയ ശേഷമാണ് ഗുരുസ്വാമി രാധാകൃഷ്ണ സ്വാമിയുടെ നേതൃത്വത്തിൽ കെട്ടുനിറ അടക്കമുള്ള ചടങ്ങുകൾ നടത്തിയത്.

കേരളത്തിലെ കെട്ടുനിറയുടെ എല്ലാ ചടങ്ങുകളും നടത്തി നെയ്‌ത്തേങ്ങയും നിറച്ച് ഇരുമുടിക്കെട്ടുമായി തേങ്ങയും ഉടച്ച് ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട സ്വാമിമാർ ബുക്ക്‌ ചെയ്ത ബസ് മാർഗം നേരെ താനെ റെയിൽവെ സ്റ്റേഷനിലേക്ക്, അവിടെ നിന്നും നേത്രാവതി എക്സ്പ്രസിൽ ഷൊർണൂരിലേക്ക്. അവിടന്ന് പഴനി, ഗുരുവായൂർ, നാട്ടിക, തൃപ്രയാർ, കൊടുങ്ങല്ലൂർ, ചോറ്റാനിക്കര, വൈക്കം, ഏറ്റുമാനൂർ, മല്ലിയൂർ, കടുത്തുരുത്തി, എരുമേലി, പമ്പ, ക്ഷേത്രങ്ങൾ സന്ദർശിച്ചതിനു ശേഷമാണ് ശബരിമലയിലെത്തുക.

ഏകദേശം 30 വർഷത്തിലധികമായി ശബരിമലയിലേക്കുള്ള ഈ ആത്മീയ യാത്ര തുടങ്ങിയിട്ട്. ഏറെക്കാലമായി താനെയിൽ ജീവിതം നയിക്കുന്ന രാധാകൃഷ്ണ സ്വാമിയാണ് സംഘത്തിലെ ഗുരുസ്വാമി. എന്തുകൊണ്ടും ഈ ദിനങ്ങൾ ജീവിതത്തിൽ വലിയ മാറ്റമാണ് കൊണ്ട് വരുന്നതെന്നും ഇങ്ങനെയൊരു ആത്മീയ യാത്ര നടത്താൻ തങ്ങൾക്ക് പ്രേരകമായത് താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രമാണെന്നും സംഘാംഗങ്ങൾ പറഞ്ഞു. നവംബർ 23 ന് പോയ സംഘം 29 ന് തിരിച്ചെത്തും.

തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയും താനെ നിവാസിയുമായ ഗുരുസ്വാമി രാധാകൃഷ്ണൻ കഴിഞ്ഞ 40 വർഷമായിസ്ഥിരമായി ശബരിമല തീർഥാടനം നടത്തുന്നു. സംഘത്തിൽ മലയാളികളെക്കാൾ കൂടുതൽ കർണാടകക്കാരാണ്. കൂടാതെ യുപി, തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു.

"ഓരോ തവണത്തെ അയ്യപ്പദർശനവും ഓരോ അനുഭവമാണ്. കഠിനമായ യാത്രയും ഏറെ നേരത്തെ കാത്തിരിപ്പും പലപ്പോഴും മുഷിപ്പിച്ചിട്ടുണ്ട്. പക്ഷേ, തിരിച്ചിറങ്ങുമ്പോൾ അടുത്തതവണ വീണ്ടും വരുമെന്ന് മനസ്സിൽ പറഞ്ഞാണ് മല ഇറങ്ങാറുള്ളത്. അതങ്ങനെ സാധിക്കുകയും ചെയ്യുന്നു."കഴിഞ്ഞ ഒരുപാട് വർഷങ്ങളായി സംഘത്തിനൊപ്പം പോയി വരുന്ന താനെയിൽ താമസിക്കുന്ന ഒരു ഭക്തൻ പറയുന്നു.

എല്ലാം അയ്യപ്പന്‍റെ അനുഗ്രഹം.. ഐശ്വര്യവും സന്തോഷവും ലഭിക്കുന്നു ഈ യാത്രകൊണ്ട് പ്രത്യകിച്ചു വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ വന്നതിന് ശേഷമാണ് ഇതിനുള്ള ഭാഗ്യം സിദ്ധിച്ചതെന്ന് കർണാടക സ്വദേശിയായൊരു തീർഥാടകൻ.

മഹാരാഷ്ട്രയിലെ പ്രശസ്ത അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്നായ താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ പതിവ് പോലെ ഈ വർഷവും മണ്ഡല കാല ദിനങ്ങളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്രത്തിന്‍റെ പൂജാ വിധികൾ കൊണ്ടും തനതായ കേരളീയ രീതിയിൽ പണിതത് കൊണ്ടും നൂറുകണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്. ക്ഷേത്രത്തിലെ ഉത്സവം ഡിസംബർ 19 ന് ആരംഭിച്ച് 29 ന് സമാപിക്കുമെന്ന് വി ശശിധരൻ നായർ പ്രസിഡന്‍റും ശ്രീകുമാരൻ സെക്രട്ടറിയും ബാബുകുട്ടൻ ട്രഷററും ആയ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

മോക്ഷപ്രാപ്തിയിലേക്കുള്ള മാര്‍ഗമാണ് അയ്യപ്പ ദര്‍ശനം. അവിടേക്കുള്ള, അയ്യപ്പ സ്വാമിയെ ദര്‍ശിക്കാനുള്ള യാത്ര ഒരുപാട് ക്ലേശങ്ങള്‍ നിറഞ്ഞതായിരിക്കും. വഴികള്‍ ദുര്‍ഘടമായിരിക്കും. കല്ലുകളും മുള്ളുകളും താണ്ടി പ്രായശ്ചിത്തപാതയിലൂടെ കാലിടറാതെ സഞ്ചരിക്കുന്നവനേ ആ ലക്ഷ്യത്തിലെത്തൂ. അതു കൊണ്ടു തന്നെയാണ് ശിരസ്സില്‍ ഇരുമുടിക്കെട്ടും ഉള്ളില്‍ ശരണമന്ത്രവുമായി ആയുസ്സിന്‍റെ അനുഗ്രഹം തേടിയുള്ള യാത്ര സഹനത്തിന്‍റെതു കൂടിയായി മാറുന്നത്. ആ യാത്ര ക്കായി താനെയിലെ വർത്തക് നഗർ ക്ഷേത്രം ഒരുക്കുന്ന സേവനങ്ങൾ ചെറുതല്ല. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: Ph :9821273161,   9769724896

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com