

മന്ദിരസമിതിയുടെ നേതൃത്വത്തില്‍ കലാക്ഷേത്ര പ്രവര്‍ത്തനമാരംഭിച്ചു
മുംബൈ: കലയെ പ്രോത്സാഹിപ്പിക്കുക പുതുതലമുറയില്‍ കലാ-സാംസ്‌കാരിക മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യത്തോടെ ശ്രീനാരായണ മന്ദിരസമിതി രൂപം നല്‍കിയ 'കലാക്ഷേത്ര' പ്രവര്‍ത്തനമാരംഭിച്ചു.
പ്രവര്‍ത്തനങ്ങളുടെ തുടക്കമായി രണ്ട് ലഘുനാടകങ്ങള്‍ തയാറാക്കി വിവിധ വേദികളില്‍ വിജയകരമായി അവതരിപ്പിച്ചിരുന്നു. കലാക്ഷേത്രയുടെ പ്രഥമ സംരംഭത്തിന്‍റെ ഭാഗമായി ഓഗസ്റ്റ് 8, 9 തീയതികളില്‍ സൗജന്യ ദ്വിദിന കലാശില്‍പ്പശാല സംഘടിപ്പിക്കും.
ഭരതനാട്യം, മോഹിനിയാട്ടം, കര്‍ണാടക സംഗീതം, പാശ്ചാത്യ സംഗീതം, വയലിന്‍, കീബോര്‍ഡ് എന്നീ വിഭാഗങ്ങളിലാണ് സൗജന്യ പരിശീലനം നല്‍കുന്നത്. ഓഗസ്റ്റ് 8ന് രാവിലെ 9.30ന് മന്ദിരസമിതിയുടെ ചെമ്പൂര്‍ കോംപ്ലക്‌സില്‍ ശില്‍പ്പശാലയുടെ ഉദ്ഘാടനം നടക്കും. സന്ദീപ് കുമ്രോത്ത് ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് വിവിധ കലാരംഗങ്ങളില്‍ പ്രഗത്ഭരും പരിചയസമ്പന്നരുമായ അധ്യാപകര്‍ ക്ലാസുകള്‍ നയിക്കും.
മോഹിനിയാട്ടത്തില്‍ ഡിംപിള്‍ ഗിരീഷ്, ദിവ്യ വാര്യര്‍, ഭരതനാട്യത്തില്‍ നിമ്മി ജയധരന്‍ എന്നിവര്‍ പരിശീലനം നല്‍കും. പാശ്ചാത്യ സംഗീതത്തില്‍ റിയ ശശിയും ദിവ്യ അയ്യരും, കര്‍ണാടക സംഗീതത്തില്‍ രഞ്ജുഷ സജിയും ബാബുരാജ് പിള്ളയും ക്ലാസുകള്‍ നയിക്കും. വയലിനില്‍ അഖിലേഷ് സുബ്രഹ്‌മണ്യനും കീബോര്‍ഡില്‍ ശുഭം സേത്തും പരിശീലനം നല്‍കും.