

ആശാ സേവികമാരുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം എംപി ഡോ: ഹേമന്ത് വിഷ്ണു സാവ്‌രെ
വസായ്: ആരോഗ്യ രംഗത്ത് ആശാ സേവികമാർ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമെന്ന് പാൽഘർ എം പി ഡോ: ഹേമന്ത് സാവ്‌രെ പറഞ്ഞു. പ്രതീക്ഷ ഫൗണ്ടേഷൻ സി എം എൻ ട്രസ്റ്റിൻ്റെ സഹകരണത്തോടെ ആശാ സേവിക മാർക്കായി നടത്തിയ ദീപാവലി സ്നേഹ സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്രയിൽ ഇത്തരമൊരു പരിപാടി ഒരുപക്ഷേ മറ്റൊരിടത്തും ഉണ്ടാകില്ല. വർഷംതോറും ആശാ സേവിക മാർക്കായി പ്രതീക്ഷ ഫൗണ്ടേഷൻ നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങൾ മാതൃകാപരമാണ് ഹേമന്ത് സവ്‌രെ കൂട്ടിച്ചേർത്തു. ചടങ്ങിൽ ആശാ സേവിക മാർക്കും നഴ്‌സുമാർക്കും വനിതാ ആരോഗ്യ പ്രവർത്തകർക്കും സാരി വിതരണം നടത്തി.
വസായ് താലൂക്കിലെ എട്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. താലൂക്ക് മെഡിക്കൽ ഓഫീസർ ഡോ: ശ്യാം ജുംഗാരെ അധ്യക്ഷതവഹിച്ചു. ഡോക്ടർമാരായ സുപ്രിയ ഷിൻഡെ, ഷഹാജഹാൻ അൻസാരി, ശാന്തി ചൗരസ്യ , ദീപാലി ദീപ്കെ , ബാലാ സാഹേബ് ജാദവ്, സുഷമ മുലിക്, ഭൂപേന്ദ പാട്ടേൽ,പൂർവ്വ ഘരത് , മധുര ജംഗാരെ, രാജശ്രീ പരബ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
സിഎംഎൻ ട്രസ്റ്റ് വസായ് താലൂക്കിൽ വിവിധ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുമെന്ന് ചടങ്ങിൽ സംസാരിച്ച സി എം എൻ ട്രസ്റ്റ് പ്രതിനിധി സന്തോഷ് പറഞ്ഞു. പ്രതീക്ഷ ഫൗണ്ടേഷൻ പ്രവർത്തകരായ സുകുമാർ വി കെ, അമർ ദാസ് നായർ, ശ്രീ ശങ്കർ നായർ, രാധാകൃഷ്ണൻ, നന്ദകുമാർ, വേണു ജി പിള്ള എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി