സൽമാൻ ഖാൻ
സൽമാൻ ഖാൻ

സൽമാൻ ഖാന്‍റെ വീടിന് നേരെ വെടിവയ്പ്പ്: രണ്ട് പേർ കൂടി അറസ്റ്റിൽ

40 റൗണ്ട് വെടിയുതിർക്കാൻ പ്രതികളോട് നിർദേശിച്ചെങ്കിലും അഞ്ച് റൗണ്ട് വെടിയുതിർക്കുക മാത്രമാണ് ചെയ്തതെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്‍റെ വസതിക്ക് പുറത്ത് വെടിയുതിർത്ത കേസിൽ പഞ്ചാബിൽ നിന്ന് രണ്ട് പേരെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പ്രതികളായ സാഗർ പാൽ (21), വിക്കി ഗുപ്ത (24) എന്നിവർക്ക് ആയുധങ്ങളും മറ്റും നൽകിയ സോനു ചന്ദർ, 37, അനൂജ് താപൻ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്ത് വ്യാഴാഴ്ച രാത്രി വിമാനം വഴി മുംബൈയിലെത്തിച്ചത്. ഇവരെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.

ട്രക്ക് ക്ലീനറായ തപന് ക്രിമിനൽ റെക്കോർഡും ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. ചന്ദറും താപനും മൊബൈൽ ഫോണിലൂടെ പാലുമായും ഗുപ്തയുമായും ആശയവിനിമയം നടത്തിയിരുന്നു. മാർച്ച് 15ന് പൻവേലിൽ എത്തിയ ഇവർ പാലിനും ഗുപ്തയ്ക്കും ആയുധങ്ങൾ എത്തിച്ചുകൊടുത്തുവെന്നാണ് കണ്ടെത്തൽ. 40 റൗണ്ട് വെടിയുതിർക്കാൻ പ്രതികളോട് നിർദേശിച്ചെങ്കിലും അഞ്ച് റൗണ്ട് വെടിയുതിർക്കുക മാത്രമാണ് ചെയ്തതെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

പ്രതികൾക്ക് ആരാണ് സാമ്പത്തിക സഹായവും ആയുധങ്ങളും നൽകിയതെന്നും വെടിവെപ്പിന് പ്രേരണ നൽകിയത് എന്തിനാണെന്നും അന്വേഷിക്കാൻ നാല് ദിവസത്തെ കസ്റ്റഡിയാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. പ്രതിയുടെ അഭിഭാഷകൻ പോലീസ് കസ്റ്റഡിയെ എതിർത്തു. അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ ജഡ്ജി എൽഎസ് പത്താൻ ഏപ്രിൽ 29 വരെ കസ്റ്റഡി നീട്ടി.