

ട്രാൻസ് ജൻഡർ സമൂഹത്തിനായി പ്രതീക്ഷ ഫൗണ്ടേഷൻ സംഘടിപ്പിച്ച ദീപാവലി സ്നേഹ സംഗമം ഉദ്ഘാടന ചടങ്ങ്.
വസായ്: ട്രാൻസ് ജൻഡർ വിഭാഗങ്ങളെ ഒറ്റപ്പെടുത്തി നിർത്താൻ പാടില്ലെന്നും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും വസായ് എംഎൽഎ സ്നേഹ ദുബെ പണ്ഡിറ്റ്. ട്രാൻസ് ജൻഡർ സമൂഹത്തിനായി പ്രതീക്ഷ ഫൗണ്ടേഷൻ സംഘടിപ്പിച്ച ദീപാവലി സ്നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ട്രാൻസ് ജൻഡർ വിഭാഗത്തിനായി പ്രതീക്ഷ ഫൗണ്ടേഷൻ എല്ലാ വർഷവും നടത്തുന്ന പരിപാടികൾ ശ്ലാഘിനീയമാണെന്നും എല്ലാവരും ഇത് മാതൃകയാക്കണമെന്നും എംഎൽഎ പറഞ്ഞു.
ചടങ്ങിൽ സംസാരിച്ച വസായ് വിരാർ മേയർ അജീവ് പാട്ടീൽ ട്രാൻസ് വിഭാഗങ്ങൾക്കായി കോർപ്പറേഷന്റെ അധികാര പരിധിക്കകത്ത് നിന്നുകൊണ്ട് ആവുന്നതൊക്കെ ചെയ്യുമെന്ന് അറിയിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ സഹായത്തോടെ 2023 മുതൽ കേരളത്തിൽ ട്രാൻസ് ജൻഡർ വിഭാഗങ്ങൾക്കായി വിവിധ ക്ഷേമ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും സുരേഷ് ഗോപിയുടെ സാമ്പത്തിക സഹായത്തോടെ അമൃത ആശുപത്രിയിൽ പത്തോളം ട്രാൻസ് വിഭാഗത്തിൽ പെട്ടവരുടെ ശസ്ത്രക്രിയ നടത്തുകയുണ്ടായെന്നും ചടങ്ങിൽ സംസാരിക്കവെ ഉത്തം കുമാർ പറഞ്ഞു. കോർപ്പറേഷനു കീഴിൽ മാർഷൽ ജോലിക്കായി ട്രാൻസ് വിഭാഗക്കാരെ നിയമിക്കാൻ തീരുമാനമെടുത്ത വസായ് വിരാർ കോർപ്പറേഷൻ മേയറെ ഉത്തംകുമാർ അഭിനന്ദിച്ചു.
നിക്കി ചൗള (ഡൽഹി), കൃഷ്ണ മോഹിനി (നർത്തകി മുംബൈ)റിത്തു ബാവ്ജി (മോഡൽ ആക്ടർ), നവാബ് സാഹിബ് (സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ്), പവിത്ര (മേക്കപ്പ് ആർട്ടിസ്റ്റ് ഭോപ്പാൽ), കമൽ ഭമാഗ തുടങ്ങി ട്രാൻസ് ജൻഡർ സമൂഹത്തിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി ഉത്തം കുമാറിന്റെ നേതൃത്യത്തിൽ നടന്ന സ്നേഹ സംഗമത്തിൽ കോർപ്പറേഷൻ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പ്രവീൺ ഷെട്ടി പ്രതീക്ഷ ഫൗണ്ടേഷൻ പ്രവർത്തകരായ ശങ്കർ നായർ, നന്ദകുമാർ, കെ. സുരേന്ദ്രൻ, അമർ ദാസ്, വേണു ജി. പിള്ള, രാമകൃഷ്ണ മുതലിയാർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ വെച്ച് ട്രാൻസ് വിഭാഗങ്ങൾക്ക് സാരിയും മധുര പലഹാരങ്ങളും ധാന്യ കിറ്റും വിതരണം ചെയ്തു. ബിജെപി മുൻ മണ്ഡലം പ്രസിഡണ്ട് രാമാനുജം സ്വാഗതവും ശങ്കർ നന്ദിയും പറഞ്ഞു.