സുപ്രിയ സുലെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയാകുമോ? ചർച്ചകൾ സജീവം

സഖ്യത്തിൽ ചേരുന്നതിനായി സുപ്രിയ സുലെക്ക് കാബിനറ്റ് പദവിയാണ് ബിജെപി വാഗ്ദാനം ചെയ്തിരുന്നത്.
Will Supriya Sule become the Chief Minister of Maharashtra? Discussions are in full swing

ശരദ് പവാർ, സുപ്രിയ സുലെ

Updated on: 

മുംബൈ: മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യത്തെ പിന്തുണയ്ക്കുന്നതിനായി നിർണായകസപദവികൾ ആവശ്യപ്പെട്ട് എൻസിപി നേതാവ് ശരദ് പവാർ. മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകൾ എന്നിവയെ പിന്തുണയ്ക്കുന്നതിനായി മകളും എംപിയുമായ സുപ്രിയ സുലെയ്ക്ക് മുഖ്യമന്ത്രി പദം നൽകണമെന്നാണ് ശരദ് പവാർ ആവശ്യപ്പെടുന്നത്. ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി ശരദ് പവാർ നേരിട്ട് ചർച്ചകൾ നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.

മണ്ഡല പുനർ നിർണയ, വനിതാ സംവരണ ബില്ലുകൾ പാസ്സാക്കുന്നതിനുള്ള എൻഡിഎയുടെ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. അതേ തുടർന്നാണ് ഇരു സഭകളിലും ഭൂരിപക്ഷം ഉറപ്പാക്കാൻ ബിജെപി ശ്രമിക്കുന്നത്. സഖ്യത്തിൽ ചേരുന്നതിനായി സുപ്രിയ സുലെക്ക് കാബിനറ്റ് പദവിയാണ് ബിജെപി വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ മഹാരാഷ്‌ട്രയിലെ മുഖ്യമന്ത്രി പദം തന്നെ വേണമെന്നാണ് ശരദ് പവാർ ആവശ്യപ്പെട്ടിരിക്കുന്നത്. തന്‍റെ ആവശ്യം അംഗീകരിച്ചാൽ ചെറുപാർട്ടികളിൽ നിന്നുള്ള എംപിമാരുടെ വോട്ട് നേടാം എന്നതിനു പുറമേ കോൺഗ്രസ് നേതൃത്വത്തിൽ അതൃപ്തിയുള്ള എംപിമാർ വോട്ടെടുപ്പു ദിവസം സഭയിൽ വരാതിരിക്കുന്നതിനുള്ള നീക്കം നടത്താമെന്നും ശരദ് പവാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.

രണ്ട് എൻസിപി ഘടകങ്ങളെയും ഒരുമിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ശക്തമാണ് . എൻസിപി ദേശീയ അധ്യക്ഷയും മഹാരാഷ്‌ട്ര ഉപ മുഖ്യമന്ത്രിയുമായ സുനേത്ര പവാറിനെ സ്വാധീനിക്കാൻ ബിജെപി ശ്രമിച്ചെങ്കിലും അവർ അനുകൂലമായ പ്രതികരണം നൽകിയിട്ടില്ല. ശരദ് പവാറുമായുള്ള സമവായ ചർച്ചകൾ വിജയിച്ചാൽ മഹാരാഷ്‌ട്ര സർക്കാരിലെ സുനേത്ര പവാറിന്‍റെ പദവികളിൽ മാറ്റം വന്നേക്കാം.

ഇരു എൻസിപി ഘടകങ്ങളുടെയും നേതൃത്വം ശരദ് പവാർ ഏറ്റെടുക്കണമെന്ന ആവശ്യം ഇപ്പോഴേ ശക്തമാണ്.