ലോക്കൽ ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ അപകടം

അപകടം നടക്കുന്ന സമയത്ത് ട്രെയിനിൽ നല്ല തിരക്കായിരുന്നുവെന്നും അകത്തേക്ക് കടക്കാൻ കഴിഞ്ഞില്ലെന്നുമാണ് ലഭിക്കുന്ന വിവരം.
ലോക്കൽ ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ അപകടം

താനെ: മുംബൈയിലെ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ ദിവസം രാവിലെ 8.30 നാണ് കോപർ, ദിവ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ഓടിക്കൊണ്ടിരുന്ന ഫാസ്റ്റ് ലോക്കൽ ട്രെയിനിൽ നിന്ന് വീണ 26 കാരിയായ യുവതിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. അപകടം നടക്കുന്ന സമയത്ത് ട്രെയിനിൽ നല്ല തിരക്കായിരുന്നുവെന്നും അകത്തേക്ക് കടക്കാൻ കഴിഞ്ഞില്ലെന്നുമാണ് ലഭിക്കുന്ന വിവരം.

തിരക്കുള്ളതിനാൽ വാതിലിനടുത്തായിരുന്നു റിയ നിന്നിരുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.തുടർന്ന് പോലീസ് അപകട മരണ റിപ്പോർട്ട് നൽകി, പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം മാതാപിതാക്കൾക്ക് വിട്ടുകൊടുത്തു.

ഡോംബിവലി ഈസ്റ്റിൽ മാതാപിതാക്കളോടും സഹോദരനുമൊപ്പമാണ് റിയ താമസിച്ചിരുന്നതെന്ന് റെയിൽവേ പോലീസ് പറഞ്ഞു.താനെയിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലാണ് റിയ ജോലി ചെയ്തിരുന്നത്. പലപ്പോഴും ഡോംബിവിലി-സിഎസ്എംടി ഫാസ്റ്റ് ലോക്കൽ ട്രെയിനിൽ ആണ് യാത്ര ചെയ്തിരുന്നത്. പക്ഷേ അപകടം നടന്ന ദിവസം ഫാസ്റ്റ് ലോക്കലിന്‍റെ ലേഡീസ് കമ്പാർട്ടുമെന്‍റിൽ കയറാൻ ശ്രമിച്ചെങ്കിലും ഉള്ളിൽ കയറാൻ കഴിഞ്ഞില്ല. അതിവേഗത്തിൽ കോപർ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെട്ടപ്പോൾ കാൽ വഴുതി വീഴുകയും തലയ്ക്ക് മാരകമായ പരിക്കേൽക്കുകയും ചെയ്തു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അതേസമയം മുംബൈയിൽ ലോക്കൽ ട്രെയിനിൽ സ്ഥിരമായി യാത്ര ചെയ്യുന്ന മലയാളിയായ ജയ ബാലന് പറയാനുള്ളത് ട്രെയിനുകൾ സമയത്തിന് വരാത്തത് പ്രധാന കാരണമെന്നാണ്.

ലോക്കൽ ട്രെയിൻ യാത്ര വളരെ ദുരിതമാണെന്ന് തന്നെ പറയാമെന്ന് വർഷങ്ങളായി മുലുണ്ടിൽ നിന്നും സി എസ് ടി ഭാഗത്തേക്ക്‌ ജോലിക്കായി പോകുന്ന ജയ ബാലൻ പറയുന്നു. ഈയിടെയായി തിരക്ക് കൂടിയിട്ടുണ്ട്.. പലപ്പോഴും ട്രെയിൻ വൈകുന്നത് തിരക്ക് വർധിക്കാൻ ഇട വരുത്താറുണ്ട്. ജോലിക്ക് കൃത്യസമയത്ത് എത്താൻ വേണ്ടി തിരക്കുള്ള ട്രെയിൻ ആണെങ്കിലും തൂങ്ങിപ്പിടിച്ച് നിന്ന് യാത്ര ചെയ്യേണ്ടി വരാറുണ്ട്. അങ്ങനെയാണ് ഒരുപാട് അപകടങ്ങൾ സംഭവിക്കുന്നതെന്നും ജയ.

എന്നാൽ തൊഴിലിടങ്ങളിലെ കർശന നിയന്ത്രണങ്ങളാണ് പ്രശ്നമെന്ന് 25 വർഷമായി ലോക്കൽ ട്രെയിൻ യാത്രക്കാരനായ വിജയൻ നായർ പറയുന്നു. ഇപ്പോൾ പല ഓഫീസുകളിലും പഞ്ചിങ് ഉണ്ട്. അപ്പോൾ സമയത്തിന് എത്തണം. അതുകൊണ്ട് ഒരു കാല് വെക്കാൻ മാത്രം സ്ഥലം കിട്ടിയാലും പലരും കയറി പോവുകയാണ്. അതിനെ ഹിന്ദിയിൽ മജ്ബൂരി എന്ന് വിളിക്കും. അങ്ങനെയാണ് പലരും വീഴുന്നതെന്ന് സാന്താക്രൂസിൽ താമസിച്ചു ചർച്ച് ഗേറ്റിൽ ജോലിക്ക് പോകുന്ന വിജയൻ നായർ പറയുന്നു.

Trending

No stories found.

Latest News

No stories found.