
മണിക്കൂറുകളോളം പ്രസവ വേദന, യുവതിയുടെ മുഖത്തടിച്ചും വയറിൽ ഞെക്കിയും ജീവനക്കാരുടെ ക്രൂരത; നവജാത ശിശു മരിച്ചു
മുംബൈ: ആശുപത്രി ജീവനക്കാരുടെയും ഡോക്റ്ററുടെയും അനാസ്ഥ മൂലം നവജാത ശിശു മരിച്ചുവെന്ന് പരാതി. മഹാരാഷ്ട്രയിലെ വാഷിം ജിലലയിലാണ് സംഭവം. പ്രസവത്തിനായി ആശുപത്രിയിലെത്തിയ യുവതിയോട് മനുഷ്യത്വ രഹിതമായാണ് ആശുപത്രി ജീവനക്കാർ പെരുമാറിയതെന്നും ജീവനക്കാർക്കെതിരേ നരഹത്യക്ക് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. ശിവാനി വൈഭവ് എന്ന യുവതിയാണ് ക്രൂരമായ പെരുമാറ്റത്തിന് ഇരയായത്.
ഓഗസ്റ്റ് 2ന് പുലർച്ചെയാണ് ശിവാനി വാഷി ജില്ലാ വനിതാ ആശുപത്രിയിൽ അഡ്മിറ്റായത്. പരിശോധനയ്ക്കു ശേഷം 10 മണിയോടെ പ്രസവമുണ്ടാകുമെന്ന് ഡോക്റ്റർമാർഅറിയിച്ചു. പക്ഷേ പുലർച്ചെ 3 മണി മുതൽ വൈകിട്ട് 5 മണി വരെയും കടുത്ത പ്രസവ വേദനയാണ് യുവതിക്ക് അനുഭവപ്പെട്ടിരുന്നത്. പല തവണ ജീവനക്കാരോട് ഇക്കാര്യം പറഞ്ഞുവെങ്കിലും ആരും കാര്യമാക്കിയെടുത്തില്ലെന്നും കുടുംബാംഗങ്ങൾ പറയുന്നു. വൈകിട്ട് 5 മണിയോടെ സ്ഥിതി വളരെ മോശമായി. അപ്പോഴാണ് ഡോക്റ്റർമാർ എത്തി വീണ്ടും പരിശോധിച്ചത്.
പ്രസവമുറിയിൽ പ്രവേശിപ്പിച്ചതിനു ശേഷം യുവതിയുടെ മുഖത്ത് അടിച്ചതായും വയറിൽ അമർത്തിയതായും ഡോക്റ്ററോ നഴ്സോ അല്ലാത്ത മറ്റാരോ പരിശോധിച്ചതായും ആരോപണമുണ്ട്. വൈകിട്ട് 5.30ന് കുഞ്ഞ് ജനിച്ചുവെങ്കിലും കുഞ്ഞിന് ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ല. വൈകാതെ കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു. പുലർച്ച മുതൽ വൈകിട്ട് വരെ യുവതി വേദന കൊണ്ട് പുളഞ്ഞിട്ടും തിരിഞ്ഞു നോക്കാത്ത ആശുപത്രി അധികൃതർക്കെതിരേ നടപടി വേണമെന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം.