കൈയടി നേടി മോദിയുടെ ജക്കാർത്ത പ്രസംഗം

ഇന്ത്യ-ഇന്തോനേഷ്യ ബന്ധത്തിലെ എട്ടിന്‍റെ ഗണിത കൗതുകം മോദി വിവരിച്ചതാണ് കൈയടി നേടിയത്
Modi's Jakarta speech draws applause

കൈയടി നേടി മോദിയുടെ ജക്കാർത്ത പ്രസംഗം

Updated on

ജക്കാർത്ത: ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ആത്മബന്ധം ഗണിതത്തിലൂടെ വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജക്കാർത്തയിൽ ഇന്ത്യൻ സമൂഹത്തോട് സംസാരിക്കവേയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിലെ കൗതുകകരമായ ഗണിതസമവാക്യം മോദി പങ്കു വച്ചത്.

ഇന്ത്യയുടെ റിപ്പബ്ലിക് ദിനമായ ജനുവരി 26ലെ അക്കങ്ങളായ രണ്ടും ആറും കൂട്ടിയാൽ എട്ട് ലഭിക്കുമെന്നും ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രഭോവോ സുബിയാന്തോയുടെ ജന്മദിനമായ 17ലെ അക്കങ്ങളായ ഒന്നും ഏഴും കൂട്ടിയാലും എട്ടു തന്നെ ലഭിക്കുമെന്നും ചൂണ്ടിക്കാട്ടിയ മോദി ഇതുകൊണ്ടു തന്നെ എട്ട് എന്ന സംഖ്യ ഇരു രാജ്യങ്ങൾക്കും ഒരു പോലെ പ്രധാനപ്പെട്ടതാണെന്നും പറഞ്ഞത് സദസിന്‍റെ നിറഞ്ഞ കൈയടി നേടാനിടയാക്കി.

കഴിഞ്ഞ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പ്രസിഡന്‍റ് പ്രഭോവോ സുബിയാന്തോ മുഖ്യാതിഥിയായി പങ്കെടുത്ത കാര്യം പ്രധാനമന്ത്രി ഓർമിപ്പിച്ചു. തന്നിൽ ഇന്ത്യയുടെ ഡിഎൻഎ ഉണ്ടെന്ന സുബിയാന്തോയുടെ പ്രസ്താവന കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയം തൊട്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രപരമായ സാംസ്കാരിക പാരമ്പര്യത്തിലാണ് ഇന്ത്യ-ഇന്തോനേഷ്യ സൗഹൃദം നിലനിൽക്കുന്നതെന്ന് മോദി വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും സഹകരണവും കൂടുതൽ ശക്തമായി മുന്നോട്ടു പോകുമെന്നും കൂട്ടിച്ചേർത്ത മോദിയുടെ സന്ദർശനവും വാക്കുകളും പ്രവാസി ഭാരതീയരിലും ഇന്തോനേഷ്യൻ പ്രതിനിധികളിലും വൻ ആവേശത്തിരയിളക്കി.

logo
Metro Vaartha
www.metrovaartha.com