പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം അവസാനിപ്പിക്കാതെ 100 ദിവസം; പ്രത്യേക സമ്മേളനത്തിൽ അനിശ്ചിതത്വം തുടരുന്നു

ശനിയാഴ്ച രാവിലെ വരെയും സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിച്ചിട്ടില്ല
100 days without the conclusion of Parliament's Monsoon Session; uncertainty persists regarding a special session.

പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം അവസാനിപ്പിക്കാതെ 100 ദിവസം; പ്രത്യേക സമ്മേളനത്തിൽ അനിശ്ചിതത്വം തുടരുന്നു

Updated on: 

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ 2026-ലെ വർഷകാല സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കാതെ 100 ദിവസം പിന്നിട്ടു. ലോക്സഭയിലും രാജ്യസഭയിലും വനിതാ സംവരണ നിയമം നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി പാസാക്കാൻ പ്രത്യേക സമ്മേളനം വിളിക്കുമോയെന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ല.

ഓഗസ്റ്റ് 13നാണ് ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. എന്നാൽ ശനിയാഴ്ച രാവിലെ വരെയും സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിച്ചിട്ടില്ല. 2008ൽ രേഖപ്പെടുത്തിയ 87 ദിവസമായിരുന്നു ഇതിന് മുൻപുള്ള റെക്കോർഡ്.

വനിതാ സംവരണ നിയമം നടപ്പാക്കുന്നതിനായി ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ പ്രത്യേക സമ്മേളനമോ നിലവിലെ സമ്മേളനത്തിന്‍റെ തുടർച്ചയോ വിളിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ട്. ലോക്സഭയിൽ 15 മുതൽ 18 വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിൽ പാസാക്കാനാകുമെന്ന ആത്മവിശ്വാസം നേരത്തെ സർക്കാർ വൃത്തങ്ങൾ പ്രകടിപ്പിച്ചിരുന്നു. എന്നാൽ സമ്മേളനത്തിന്‍റെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

നിലവിലെ 543 അംഗങ്ങളുള്ള ലോക്സഭയുടെ അംഗബലം മണ്ഡല പുനർനിർണയത്തിലൂടെ പരമാവധി 850 ആയി ഉയർത്താനാണ് നിർദിഷ്ട ഭരണഘടനാ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർലമെന്‍റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കുന്നതിനുള്ള വഴിയൊരുക്കുകയാണ് ലക്ഷ്യം.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായി ഓരോ സംസ്ഥാനത്തെയും ലോക്സഭാ സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നതായാണ് വിവരം. 1971ലെ സെൻസസ് അടിസ്ഥാനമാക്കി സംസ്ഥാനങ്ങൾ തമ്മിലുള്ള നിലവിലെ സീറ്റ് അനുപാതം നിലനിർത്തുന്നതും പരിഗണനയിലുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

മണ്ഡല പുനർനിർണയ വിഷയത്തിൽ ചർച്ച നടത്താൻ സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്സഭയുടെ അംഗബലം അടുത്ത 25 വർഷത്തേക്ക് 543 ആയി നിലനിർത്തണമെന്നും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും നിലവിലെ പ്രാതിനിധ്യം തുടരണമെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടു.

പ്രത്യേക സമ്മേളനത്തിന്‍റെ കാര്യത്തിൽ വ്യക്തതയില്ലാത്തത് പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിന്‍റെ തീയതിയും സംബന്ധിച്ച അനിശ്ചിതത്വത്തിന് കാരണമായിട്ടുണ്ട്. ഡിസംബർ ആദ്യവാരം സമ്മേളനം ആരംഭിക്കാനാണ് സാധ്യത.