
ഹിമാചലിൽ ബസിനു മുകളിലേക്ക് മലയിടിഞ്ഞു വീണു; 15 യാത്രക്കാർ മരിച്ചു
ബിലാസ്പുർ: ഹിമാചൽപ്രദേശിലെ ബിലാസ്പുരിൽ ബസിനു മുകളിലേക്ക് മലയിടിഞ്ഞ് വീണ് 15 പേർ മരിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ഹരിയാനയിലെ റോഹ്താക്കിൽ നിന്ന് ഘുമാർവിനിലേക്ക് പോയിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. 30 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബസിലേക്ക് ഒരു മല പൂർണമായും ഇടിഞ്ഞു വീഴുകയായിരുന്നു.
രക്ഷാപ്രവർത്തനം തുടരുകയാണ്. മണ്ണിനടിയിൽ പെട്ട യാത്രക്കാർ രക്ഷപെടാനുള്ള സാധ്യത വളരെ കുറവാണെന്ന് പൊലീസുകാർ പറയുന്നു. നിലവിൽ പ്രാദേശിക ഭരണകൂടത്തിന്‍റെ സഹകരണത്തോടെ പരമാവധി യന്ത്രങ്ങളും പ്രയോജനപ്പെടുത്തി യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനം തുടരുന്നത്.