രാജസ്ഥാനിലെ 18 കൗൺസിലർമാർ 'അപ്രത്യക്ഷരായി'; ഹരിയാന പൊലീസിന്‍റെ കസ്റ്റഡിയിലെന്ന് കോൺഗ്രസ്

ടിജാര മുനിസിപ്പൽ കൗൺസിൽ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിൽ പങ്കെടുക്കാനായി മടങ്ങുകയായിരുന്ന കൗൺസിലർമാരെയാണ് കാണാതായത്
18 councillors from Rajasthan 'disappear'; Congress claims they are in Haryana Police custody.

രാജസ്ഥാനിലെ 18 കൗൺസിലർമാർ 'അപ്രത്യക്ഷരായി'; ഹരിയാന പൊലീസിന്‍റെ കസ്റ്റഡിയിലെന്ന് കോൺഗ്രസ്

Updated on

പഞ്ച്കുള: രാജസ്ഥാനിലെ ടിജാരയിൽ നിന്നുള്ള 18 കൗൺസിലർമാരെ ഹിമാചൽ പ്രദേശിൽ നിന്ന് സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങുന്നതിനിടെ ഹരിയാന പൊലീസ് പഞ്ച്കുള ജില്ലയിൽ തടഞ്ഞുവച്ചതായി ആരോപിച്ച് കോൺഗ്രസ്. ടിജാര മുനിസിപ്പൽ കൗൺസിൽ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിൽ പങ്കെടുക്കാനായി മടങ്ങുകയായിരുന്ന കൗൺസിലർമാരെയാണ് തടഞ്ഞതെന്നാണ് ആരോപണം. എന്നാൽ കോൺഗ്രസിന്‍റെ ആരോപണം ഹരിയാന പൊലീസ് നിഷേധിച്ചു.

സംഭവമറിഞ്ഞതിനെ തുടർന്ന് പഞ്ച്കുളയിലെ കോൺഗ്രസ് നേതാക്കൾ പിൻജോർ പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ നടത്തി. ജനാധിപത്യത്തിന്‍റെ കൊലപാതകമാണ് നടന്നതെന്ന് അവർ ആരോപിച്ചു. സെപ്റ്റംബർ ഒൻപതിനാണ് ടിജാര മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പ് നടന്നത്. വിജയിച്ച സ്വതന്ത്ര കൗൺസിലർമാരിൽ ഭൂരിഭാഗവും കോൺഗ്രസ് പിന്തുണയുള്ളവരായിരുന്നു. മുനിസിപ്പൽ കൗൺസിൽ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് തിങ്കളാഴ്ച ഉച്ചയ്ക്ക് നടക്കാനിരിക്കെയാണ് സംഭവം.

തെരഞ്ഞെടുപ്പിന് ശേഷം 18 കൗൺസിലർമാരും കുടുംബാംഗങ്ങളും ഹിമാചൽ പ്രദേശിലെ കാസൗലിയിൽ പോയിരുന്നു. ഞായറാഴ്ച വൈകിട്ട് ടിജാരയിലേക്ക് മടങ്ങുന്നതിനിടെ പഞ്ച്കുളയ്ക്ക് സമീപമുള്ള ടോൾ പ്ലാസയിൽ പൊലീസ് വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഉൾപ്പെടെ 20ലേറെ വാഹനങ്ങൾ ഇവരെ തടഞ്ഞുവെന്നാണ് പ്രാദേശിക കോൺഗ്രസ് നേതാവായ ഇമ്രാൻ ഖാന്‍റെ ആരോപണം. തുടർന്ന് ഇവരെ പഞ്ച്കുളയിലെ മോർണി ഹിൽസിലെ ഒരു ഫാമിലേക്ക് കൊണ്ടുപോയി. രാജസ്ഥാനിലെയും ഹരിയാനയിലെയും ബിജെപി സർക്കാരുകളുടെ നിർദേശപ്രകാരമാണ് ഇത് ആസൂത്രിതമായി ചെയ്തതെന്നും കോൺഗ്രസിന് മുൻതൂക്കമുണ്ടായിരുന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് നടപടിയെന്നും ഇമ്രാൻ ഖാൻ ആരോപിച്ചു.

എന്നാൽ കൗൺസിലർമാരെ പൊലീസ് തടഞ്ഞുവെന്ന ആരോപണം പഞ്ച്കുള എസിപി രാം കുമാർ നിഷേധിച്ചു. പൊലീസിന് ഇതിൽ യാതൊരു പങ്കുമില്ലെന്നും അവരെ തടഞ്ഞുവച്ചിട്ടില്ലെന്നും എസിപി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൗൺസിലർമാരെ എത്രയും വേഗം കണ്ടെത്താൻ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഹരിയാന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പ്രദീപ് ചൗധരിയും കൗൺസിലർമാരെ പൊലീസ് തടഞ്ഞുവച്ചതായി ആരോപിച്ചു. ഞായറാഴ്ച കാസൗലിയിൽ നിന്ന് തിരിച്ച സംഘം പഞ്ച്കുളയിലെ ടോൾ ബാരിയറിലെത്തിയപ്പോൾ പൊലീസ് അവരെ വാഹനങ്ങളിൽ കയറ്റി മോർണിയിലേക്ക് കൊണ്ടുപോയെന്ന് ചൗധരി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com