

സുപ്രീം കോടതി
file image
ന്യൂഡൽഹി: വാദം പൂർത്തിയായാൽ മൂന്നു മാസത്തിനകം വിധി പുറപ്പെടുവിച്ചിരിക്കണമെന്ന് ഹൈക്കോടതികളോട് നിർദേശിച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് ഉത്തരവ്. ജാമ്യ അപേക്ഷകളിൽ അന്നു തന്നെ ഉത്തരവുണ്ടാകണം എന്നും ഏതെങ്കിലും കാരണവശാൽ അതിനു സാധിച്ചില്ലെങ്കിൽ തൊട്ടടുത്ത ദിവസം തന്നെ വിധി പ്രഖ്യാപിച്ച് വിധിപ്പകർപ്പ് അപ് ലോഡ് ചെയ്യണമെന്നും ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
അതു പോലെ തന്നെ തടവ് ശിക്ഷ, ജാമ്യം, സസ്പെൻഷൻ പോലുള്ള ഉത്തരവുകൾ പ്രഖ്യാപിച്ചു കഴിഞ്ഞ് എത്രയും പെട്ടെന്ന് ജയിൽ അധികൃതരെ അറിയിക്കണമെന്നും വിചാരണയിലിരിക്കുന്ന അല്ലെങ്കിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവരെ ഉത്തരവുണ്ടായ അന്നോ അല്ലെങ്കിൽ തൊട്ടടുത്ത ദിവസം തന്നെയോ മോചിപ്പിക്കണമെന്നും കോടതി ഹൈക്കോടതികളോട് നിർദേശിച്ചു.
വാദം കഴിഞ്ഞ് വിധി പറയാൻ വേണ്ടി മാറ്റി വച്ചതിനു ശേഷം നാലു മാസത്തോളം വൈകുകയാണെങ്കിൽ കേസുമായി ബന്ധപ്പെട്ടവർക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ബന്ധപ്പെട്ട് മറ്റൊരു ബെഞ്ചിന് കൈമാറാൻ ആവശ്യപ്പെടാം എന്നും വിധിയിലുണ്ട്. തുറന്ന കോടതിയിലുണ്ടാകുന്ന വിധി 24 മണിക്കൂറിനുള്ളിൽ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്തിരിക്കണം. വിധി വൈകുന്നതു മൂലം ഹർജിക്കാർക്ക് അപരിഹാര്യമായ നഷ്ടം ഉണ്ടാകുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്.