

ഡൽഹിയിലെ ചെങ്കോട്ടയ്ക്കടുത്ത് സ്ഫോടനം നടന്ന സ്ഥലത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.
ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം കാർ പൊട്ടിത്തെറിച്ച സംഭവവുമായി ബന്ധപ്പെട്ട ഭീകര മൊഡ്യൂൾ കേസിൽ ഹരിയാനയിലെ അൽ ഫലാ യൂനിവേഴ്‌സിറ്റിയിലെ രണ്ട് ഡോക്റ്റർമാർ ഉൾപ്പെടെ മൂന്ന് പേരെ കൂടി ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഫോടന സമയത്ത് കാറോടിച്ച ഡോ. ഉമർ നബിയുമായി അടുത്ത ബന്ധമുള്ളവരാണ് ഇവരെന്ന് അധികൃതർ.
ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലും ദേശീയ അന്വേഷണ ഏജൻസി (NIA) സംഘവും ചേർന്ന് ഹരിയാനയിലെ ധൗജ്, നൂഹ്, സമീപ പ്രദേശങ്ങളിൽ നടത്തിയ റെയ്ഡുകൾക്കൊടുവിലാണ് ഇവരെ പിടികൂടിയത്. നൂഹിൽ നിന്നാണ് അൽ ഫലാ യൂനിവേഴ്സിറ്റിയിലെ ഡോക്റ്റർമാരായ മുഹമ്മദ്, മുസ്തകിം എന്നിവരെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
'വൈറ്റ് കോളർ ഭീകര മൊഡ്യൂൾ' അന്വേഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. മുസമ്മിൽ ഗനായിയുമായി ഇരുവരും ബന്ധപ്പെട്ടിരുന്നു. പ്രാരംഭ ചോദ്യം ചെയ്യലിൽ, കസ്റ്റഡിയിലെടുത്ത ഡോക്റ്റർമാരിൽ ഒരാൾ സ്ഫോടനം നടന്ന ദിവസം ഡൽഹിയിലുണ്ടായിരുന്നതായി കണ്ടെത്തി. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (AIIMS) അഭിമുഖത്തിൽ പങ്കെടുക്കാനായാണ് ഇയാൾ തലസ്ഥാനത്ത് എത്തിയതെന്നാണ് പറയുന്നത്.
ഡോ. ഗനായിയുമായും മറ്റ് ഗൂഢാലോചനകളുമായും ഇവർക്ക് എത്രത്തോളം ബന്ധമുണ്ടെന്ന് അറിയുന്നതിനായി മുഹമ്മദിന്‍റെയും മുസ്തകിമിന്‍റെയും കൂടുതൽ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
ഡോ. ഉമർ നബി 10 മുതൽ 15 മിനിറ്റ് വരെ നിർത്തിയിരുന്ന വാസിർപൂർ ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു ചായക്കടക്കാരനെയും പൊലീസ് ചോദ്യം ചെയ്തു. ഉമർ ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്തില്ല എന്നും, അവിടെ കുറച്ചുനേരം ഇരുന്ന ശേഷം പോവുക മാത്രമാണ് ചെയ്തതെന്നും ചായക്കടക്കാരൻ പൊലീസിനെ അറിയിച്ചു.
അസഫ് അലി റോഡിലെ രാംലീല മൈതാനത്തിന് സമീപമുള്ള ഒരു പള്ളി അധികൃതരോട് സ്ഫോടനം നടന്ന ദിവസം അവിടെയെത്തിയ ആളുകളുടെ രേഖകൾ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ഒഖ്‌ലയിലെ അൽ ഫലാ യൂനിവേഴ്‌സിറ്റി ആസ്ഥാനത്ത് സന്ദർശനം നടത്തി സംശയിക്കപ്പെടുന്നവരെക്കുറിച്ചുള്ള വിശദാംശങ്ങളും തേടി.
സമാന്തരമായി നടന്ന മറ്റൊരു ഓപ്പറേഷനിൽ, ലൈസൻസില്ലാതെ രാസവളം വിറ്റതിന് ദിനേശ് എന്നയാളെ അന്വേഷണ ഏജൻസികൾ നൂഹിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ഭീകര മൊഡ്യൂളിലെ അംഗങ്ങൾ സ്ഫോടക വസ്തുക്കൾ വാങ്ങാൻ ഏകദേശം 26 ലക്ഷം രൂപ സ്വരൂപിച്ചതായും, അതിൽ നിന്ന് 3 ലക്ഷം രൂപ ബോംബ് നിർമിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന NPK വളം വാങ്ങാൻ ചെലവഴിച്ചതായും കണ്ടെത്തി. ദിനേശ് പ്രതികൾക്ക് വളം വിറ്റിട്ടുണ്ടോയെന്നും, നിയമവിരുദ്ധമായ വ്യാപാരത്തിനപ്പുറം ഇയാൾക്ക് എന്തെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
ഭീകര മൊഡ്യൂൾ കേസിൽ അറസ്റ്റിലായ അൽ ഫലാ യൂനിവേഴ്‌സിറ്റിയിലെ മറ്റൊരു ഡോക്റ്ററായ ഡോ. ഷഹീൻ സയീദ് അടുത്തിടെ പാസ്‌പോർട്ടിന് അപേക്ഷിച്ചിരുന്നു. നവംബർ 3-ന് യൂനിവേഴ്‌സിറ്റി ഹോസ്റ്റലിലെ 29-ാം നമ്പർ മുറിയിൽ വെച്ച് അവരുടെ അപേക്ഷയുടെ പൊലീസ് വേരിഫിക്കേഷൻ നടക്കുകയും പതിവ് നടപടിക്രമത്തിന്‍റെ ഭാഗമായി ഉദ്യോഗസ്ഥർ അവരുടെ ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. അവരുടെ അപേക്ഷയ്ക്ക് നിലവിലെ അന്വേഷണവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും ഏജൻസികൾ പരിശോധിക്കുകയാണ്.