

ക്ഷേത്ര നടയിൽ പരസ്പരം മാല ചാർത്തി നർത്തകിമാർ; ശംഖൂതി അനുഗ്രഹിച്ച് ഗ്രാമീണർ
കുൽറ്റാലി: സ്വവർഗാനുരാഗികളായ നർത്തകികളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് പശ്ചിമ ബംഗാളിലെ ഗ്രാമീണർ. പ്രൊഫഷണൽ നർത്തകിമാരായ റിയ സർദാരും രാഖി നസ്കാറുമാണ് വിവാഹിതരായത്. ഇരുവരും ഇരുപതുകളുടെ ആരംഭത്തിലാണ് തങ്ങളുടെ പ്രണയത്തെ തെരഞ്ഞെടുത്തത്. ജലബേരിയയിലെ കുറ്റാലിയിൽ പാലേർ ചാക് ക്ഷേത്രത്തിൽ വച്ചാണ് ഇരുവരും വിവാഹം കഴിച്ചത്.
നൂറു കണക്കിന് ഗ്രാമീണരാണ് ഇരുവരെയും അനുഗ്രഹിച്ചു കൊണ്ട് വിവാഹത്തിൽ പങ്കെടുത്തത്. റിയ വധുവിനെപ്പോലെയും രാഖി വരനെപ്പോലെയുമാണ് എത്തിയിരുന്നത്. ക്ഷേത്ര പുരോഹിതന്‍റെ നിർദേശപ്രകാരം ആചാരങ്ങൾക്ക് അനുസരിച്ച് ഇരുവരും പരസ്പരം മാല ചാർത്തി. ആദ്യം ഗ്രാമീണരിൽ പലരും ഈ കാഴ്ച കണ്ട് അമ്പരന്നുവെങ്കിലും പിന്നീട് ഇരുവരെയും അനുഗ്രഹിച്ചു. മന്ദിർബസാർ രാമേശ്വർപുർ സ്വദേശിയാണ് റിയ. ചെറുപ്പത്തിൽ മാതാപിതാക്കൾ മരിച്ചതിനാൽ അച്ഛന്‍റെ സഹോദരിയാണ് റിയയെ വളർത്തിയത്.
തന്‍റെ തീരുമാനം ആദ്യം അവരെ നടുക്കിയെങ്കിലും പിന്നീട് അനുവാദം തന്നതായി റിയ പറയുന്നു. ഹൈ സ്കൂൾ പഠനത്തിനു ശേഷമാണ് റിയ പ്രൊഫഷണൽ നൃത്തത്തിലേക്ക് തിരിഞ്ഞത്. ബകുൽത്തല സ്വദേശിയാണ് രാഖിയും പ്രാദേശിക നൃത്ത സംഘത്തിലെ അംഗമാണ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് ഒരേ നൃത്ത സംഘത്തിൽ ചേർന്നു. അതോടെയാണ് പ്രണയത്തിലായതെന്ന് റിയ.
സ്വന്തം പെൺമക്കളുടേതെന്ന പോലെ അവരെ അനുഗ്രഹിക്കാനായാണ് ക്ഷേത്രത്തിൽ എത്തിയതെന്ന് ഗ്രാമീണനായ മിലൻ സർദാർ പറയുന്നു. വിവാഹത്തിനു ശേഷം എല്ലാവർക്കും ചോറും ഇറച്ചിക്കറിയും വിളമ്പി.. ഒരു സാധാരണ കല്യാണം പോലെ തന്നെയായിരുന്നു എല്ലാമെന്ന് ഗ്രാമീണർ. ക്ഷേത്രത്തിൽ ഇത്തരമൊരി വിവാഹം നടത്തിയതിൽ പലരകും അനിഷ്ടം പ്രകടിപ്പിച്ചിരുന്നു.
പക്ഷേ ഇതേക്കുറിച്ച് പരാതിയൊന്നും ലഭിച്ചിട്ടിലെന്നും ഗ്രാമീണർ ശാന്തമായി ഒരു വിവാഹത്തിൽ പങ്കെടുക്കുകയാണെങ്കിൽ അതിൽ ഞങ്ങൾക്ക് യാതൊന്നും ചെയ്യാനില്ലെന്നുമാണ് പൊലീസിന്‍റെ പ്രതികരണം.ഇന്ത്യയിൽ ഇപ്പോഴും സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല.