
ഹൽവയും പൂരിയും കഴിച്ചത് അമിതമായി; ഹരിയാനയിൽ 20 പശുക്കൾ ചത്തു
ഹിസാർ: നവരാത്രി ആഘോഷങ്ങൾക്കിടെ ഹരിയാനയിലെ ഹിസാറിൽ 20 പശുക്കൾ ചത്തു. ഉത്സവ ദിനങ്ങൾ ആരംഭിച്ചതോടെ ആചാരങ്ങളുടെയും വിശ്വാസത്തിന്‍റെയും ഭാഗമായി നിരവധി പേർ പശുക്കൾക്ക് ഭക്ഷണം നൽകിയിരുന്നു. അമിതമായി ഹൽവയും പൂരിയും കഴിച്ചതാണ് പശുക്കളുടെ ജീവനെടുത്തതെന്നാണ് ഡോക്റ്റർമാരുടെ നിഗമനം. മൂന്നു ദിവസത്തിനിടെയാണ് തെരുവിൽ അലഞ്ഞു നടന്നിരുന്ന 20 പശുക്കളും ചത്തത്.
ഹൽവ, പൂരി എന്നിവ ധാരാളമായി കഴിച്ചാൽ പശുക്കളുടെ വയറ്റിൽ അസിഡോസിസ് പോലുള്ള സങ്കീർണ പ്രശ്നങ്ങൾക്ക് ഇടയാക്കുകയും മരണം വരെ സംഭവിക്കുകയും ചെയ്യുമെന്ന് ഡോക്റ്റർമാർ പറയുന്നു.
പശുവിന് അൽപ്പം പൂരിയോ ഹൽവയോ കൊടുക്കുന്നതു കൊണ്ട് പശുക്കൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് ഭക്തർ ചിന്തിക്കുന്നത്. എന്നാൽ നിരവധി പേരാണ് ഇത്തരത്തിൽ പശുവിനെ ഊട്ടുന്നതെന്നും അതാണ് പശുക്കളുടെ ജീവനെടുത്തതെന്നും മൃഗസ്നേഹിയായ സീതാ റാം സിംഗാൾ പറയുന്നു.