

2027ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ്: അകാലിദളും ബിജെപിയും വീണ്ടും കൈകോർത്തേക്കും
ചണ്ഡീഗഢ്: 2027ൽ നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബിജെപിയും ശിരോമണി അകാലിദളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി റിപ്പോർട്ട്. രണ്ട് പാർട്ടികളും വീണ്ടും സഖ്യത്തിലായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ചർച്ചകൾ നടക്കുന്നതെന്ന് ഇരു പാർട്ടികളിലെയും വൃത്തങ്ങൾ അറിയിച്ചു. സീറ്റ് വിഭജനം സംബന്ധിച്ച ധാരണയായാൽ ഈ മാസം തന്നെ സഖ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീൽ നവംബർ 17ന് പഞ്ചാബ് സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപിയുടെ പഞ്ചാബ് തെരഞ്ഞെടുപ്പ് ചുമതലയുള്ള അദ്ദേഹം ചണ്ഡീഗഢിൽ സംസ്ഥാനത്തെ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. മുൻ സഖ്യകക്ഷികൾ വീണ്ടും ഒന്നിച്ചേക്കുമെന്ന ചർച്ചകൾ ശക്തമാകുന്ന സാഹചര്യത്തിൽ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്.
2020 സെപ്റ്റംബറിൽ വിവാദമായ മൂന്ന് കാർഷിക നിയമങ്ങളുടെ പേരിലാണ് 24 വർഷം നീണ്ട ബിജെപി-അകാലിദൾ സഖ്യം അവസാനിച്ചത്. അന്ന് കേന്ദ്ര മന്ത്രിസഭയിൽ കാബിനറ്റ് പദവിയോടെ അംഗമായിരുന്ന ഹർസിമ്രത് കൗർ ബാദൽ രാജിവയ്ക്കുകയും ചെയ്തിരുന്നു.
അതേസമയം, സഖ്യകാര്യത്തിൽ ബിജെപി കേന്ദ്ര നേതൃത്വമാണ് അന്തിമ തീരുമാനമെടുക്കുകയെന്ന് മുതിർന്ന പഞ്ചാബ് ബിജെപി നേതാവ് ഹർജിത് സിങ് ഗ്രേവാൾ ശനിയാഴ്ച പറഞ്ഞു. സഖ്യമുണ്ടായാൽ തെരഞ്ഞെടുപ്പിൽ വിജയിക്കാനാകുമെന്ന് സാധാരണക്കാരും മറ്റ് പാർട്ടികളിൽ നിന്ന് ബിജെപിയിലെത്തിയ ചില നേതാക്കളും കരുതുന്നുണ്ട്. എന്നാൽ, കഴിഞ്ഞ 40-50 വർഷമായി പാർട്ടിക്കായി പ്രവർത്തിക്കുന്ന ബിജെപിയുടെ അടിസ്ഥാന പ്രവർത്തകരടങ്ങുന്ന വിഭാഗം സഖ്യത്തെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 2027ൽ പഞ്ചാബിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തുമെന്ന് പ്രവചിച്ചിരുന്നു. നവംബർ ഒന്നിന് ചണ്ഡീഗഢിലെത്തിയപ്പോഴും അതിർത്തി സംസ്ഥാനത്ത് എൻഡിഎ സർക്കാർ രൂപീകരിക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു. ഇതോടെയാണ് അകാലിദൾ-ബിജെപി സഖ്യം പുനഃസ്ഥാപിക്കുമെന്ന അഭ്യൂഹങ്ങൾ വീണ്ടും ശക്തമായത്.
2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 117 സീറ്റുകളിൽ ബിജെപിക്ക് രണ്ടും അകാലിദളിന് മൂന്നും സീറ്റുകളാണ് ലഭിച്ചത്.