അധിക ശുദ്ധീകരണ ശേഷി ഇന്ധന വിതരണം ഉറപ്പാക്കുന്നു

ഉപയോഗത്തിൽ അച്ചടക്കം പാലിക്കണമെന്ന് കേന്ദ്രം
 Additional purification capacity ensures fuel supply

അധിക ശുദ്ധീകരണ ശേഷി ഇന്ധന വിതരണം ഉറപ്പാക്കുന്നു

Updated on

ചില്ലറ, വ്യാവസായിക മേഖലയിൽ ഉൾപ്പെടെ എല്ലാ ആഭ്യന്തര ആവശ്യങ്ങളും നിറവേറ്റാൻ രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും മതിയായ സംഭരണമുണ്ടെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചു വ്യക്തമാക്കി. പ്രവർത്തനക്ഷമമായ 22 ശുദ്ധീകരണ ശാലകളിലായി പ്രതിവർഷം 258.1 ദശലക്ഷം ടൺ ശേഷിയുള്ള ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ എണ്ണ ശുദ്ധീകരണ ശേഷിയുള്ള രാജ്യമാണ്. ഈ സാമ്പത്തിക വർഷം ആഭ്യന്തര ഉപഭോഗം 243.2 ദശലക്ഷം ടണ്ണായിരുന്നു; അതേസമയം പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതി 61.5 ദശലക്ഷം ടണ്ണും. ഇത് ഇന്ത്യയെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ശുദ്ധീകരിച്ച ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാക്കി മാറ്റി. രാജ്യത്ത് ഇപ്പോൾ യാതൊരു വിധ ഇന്ധന വിതരണ തടസങ്ങളുമില്ല.

തടസമില്ലാത്ത പെട്രോൾ, ഡീസൽ വിതരണം ഉറപ്പാക്കാൻ കേന്ദ്ര പെട്രോളിയം- പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരി പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ, സംസ്ഥാന ഗവണ്മെന്‍റുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവരുമായി നിരന്തരം ഏകോപനം നടത്തിവരുന്നു. സ്ഥിതിഗതികൾ ഗവണ്മെന്‍റ് നിരന്തരം വിലയിരുത്തുന്നുണ്ട്. പെട്രോളിയം- പ്രകൃതി വാതക മന്ത്രാലയം സെക്രട്ടറി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ, വ്യവസായ- വാണിജ്യ സംഘടനകളായ ഫിക്കി, സിഐഐ എന്നിവരുമായി സ്ഥിതിഗതികൾ അവലോകനം ചെയ്തു. കാര്യങ്ങൾ വ്യക്തമാണ്; എവിടെയും പെട്രോളിയം ഉത്പന്നങ്ങൾക്ക് ദൗർലഭ്യമില്ല. ചിലയിടങ്ങളിൽ, വില വ്യത്യാസം മുതലെടുക്കൽ കാരണം അങ്ങനെയൊരു തോന്നൽ ഉണ്ടാകുന്നുവെന്ന് മാത്രം.

ഇതിന്‍റെ പിന്നിലെ പ്രവർത്തന സംവിധാനം ലളിതമാണ്. നിലവിലുള്ള പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിൽ ഉപഭോക്തൃ സംരക്ഷണത്തിന്‍റെ ഭാഗമായി, കേന്ദ്ര ഗവണ്മെന്‍റിന്‍റെ നിർദേശപ്രകാരം എണ്ണ വിപണന കമ്പനികൾ അന്താരാഷ്‌ട്ര വിലവർധനയുടെ ആഘാതം ആഭ്യന്തര, ചില്ലറ വിപണിയിലേക്ക് പൂർണമായും കൈമാറ്റം ചെയ്തിട്ടില്ല. പൊതുമേഖലാ എണ്ണ കമ്പനികൾ നിലവിൽ പെട്രോൾ, ഡീസൽ, ഗാർഹിക എൽപിജി എന്നിവയുടെ വിൽപ്പനയിൽ പ്രതിദിനം 550 കോടി രൂപയുടെ നഷ്ടം സഹിക്കുന്നുണ്ട്. ഈ ആനുകൂല്യം ചില്ലറ ഉപഭോക്താക്കൾക്ക് വേണ്ടിയുള്ളതാണ്: അതായത് സാധാരണ കുടുംബങ്ങൾ, ഇരുചക്രവാഹന യാത്രക്കാർ, പമ്പുകളിലെത്തുന്ന കർഷകർ എന്നിവർക്ക് പ്രയോജനം ചെയ്യുന്നു. ഇത് വ്യാവസായിക ആവശ്യങ്ങൾക്കുള്ള സംഭരണത്തിന് ബാധകമല്ല, അവിടെ നിലവിലുള്ള നയമനുസരിച്ച് അന്താരാഷ്‌ട്ര നിരക്കുകൾക്ക് അനുസരിച്ചാണ് വില ഈടാക്കുന്നത്.

വ്യാവസായിക ചാനലിലൂടെ ഇന്ധനം വാങ്ങുന്നതിന് പകരം റീട്ടെയിൽ പമ്പുകളെ ആശ്രയിക്കുന്ന വ്യാവസായിക ഉപഭോക്താക്കൾ, സാധാരണ പൗരന്മാർക്ക് വേണ്ടിയുള്ള ഈ ആനുകൂല്യം തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. ഇത് പമ്പുകളിൽ ഇന്ധന ആവശ്യകത അനാവശ്യമായ തോതിൽ വർധിപ്പിക്കുകയും, സാധാരണഗതിയിൽ ഉണ്ടാകാത്ത പ്രാദേശിക ക്ഷാമം സൃഷ്ടിക്കുകയും ചെയ്യുന്നു.

സ്വകാര്യ എണ്ണ വിപണന കമ്പനികൾ നിശ്ചയിച്ച ഉയർന്ന നിരക്കുകൾ കാരണം ഈ മാസം, ഹൈ സ്പീഡ് ഡീസൽ ചില്ലറയായും ഗണ്യമായ തോതിലും വാങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ ഏകദേശം 38% കുറവ് രേഖപ്പെടുത്തിയതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ ഉപഭോക്താക്കൾ പൂർണമായും പൊതുമേഖലാ എണ്ണക്കമ്പനികളുടെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലേക്ക് മാറുകയാണ്. ഇതിനൊപ്പം, പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും ഗണ്യമായ തോതിൽ വാങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണത്തിലും ഏകദേശം 29% കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

മേൽപ്പറഞ്ഞ കാര്യങ്ങൾ ഗവണ്മെന്‍റ് ഗൗരവമായി പരിഗണിക്കുന്നു. ഇത്തരം ലംഘനങ്ങളുടെ രീതികളെയും പ്രത്യാഘാതങ്ങളെയും കുറിച്ച് അംഗങ്ങളെ ബോധവാന്മാരാക്കാൻ വ്യവസായ അസോസിയേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചില്ലറ ഉപഭോക്താക്കൾക്കായി ഉദ്ദേശിച്ചിട്ടുള്ള ഇന്ധനം ബൾക്ക് ഉപഭോക്താക്കളും പൂഴ്ത്തിവയ്പ്പുകാരും തട്ടിയെടുക്കുന്നത് തടയാൻ- കള്ളക്കടത്ത്, അനധികൃതമായി സംഭരിക്കൽ, പെട്രോളിയം ഉത്പന്നങ്ങൾ വഴിതിരിച്ചുവിടൽ എന്നിവയ്‌ക്കെതിരെയുള്ള അവശ്യ സാധന നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകളും അതിൻ കീഴിൽ പുറപ്പെടുവിച്ചിട്ടുള്ള നിയന്ത്രണ ഉത്തരവുകളും അനുസരിച്ച് കർശന നടപടിയെടുക്കാനും പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കാനും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ഗവണ്മെന്‍റ് അഭ്യർഥിച്ചു.

അന്താരാഷ്‌ട്ര സാഹചര്യങ്ങൾ ഗവണ്മെന്‍റ് പൂർണമായും നിരീക്ഷിക്കുന്നു. ഇന്ത്യയുടെ റിഫൈനിങ് കരുത്ത്, പൊതുമേഖലാ എണ്ണക്കമ്പനികളുടെ അച്ചടക്കമുള്ള പ്രവർത്തനം, കേന്ദ്ര- സംസ്ഥാന- വ്യവസായ മേഖലകൾ തമ്മിലുള്ള സജീവമായ ഏകോപനം എന്നിവയാണ് ഈ കാലയളവിലെ ഊർജ സുരക്ഷ ഉറപ്പാക്കിയ പ്രവർത്തന ഘടന. വില വ്യത്യാസം മൂലമുണ്ടാകുന്ന താത്കാലിക പ്രശ്നങ്ങളെ വിതരണ ക്ഷാമമായി തെറ്റിദ്ധരിപ്പിക്കുന്ന കിംവദന്തികൾ തള്ളിക്കളയാനും ഔദ്യോഗിക വാർത്ത ഉറവിടങ്ങൾ മാത്രം ആശ്രയിക്കാനും പൗരന്മാരോട് അഭ്യർഥിക്കുന്നു.

logo
Metro Vaartha
www.metrovaartha.com