
'3 കോടി രൂപ, ഒരു കിലോ വെള്ളി, 32 ഗ്രാം സ്വർണം'; കർണാടക ക്ഷേത്രത്തിലെ നേർച്ചയെണ്ണി കൈ കുഴഞ്ഞ് പുരോഹിതന്മാർ
ബംഗളൂരു: ക്ഷേത്രത്തിന്‍റെ വലിയൊരു മുറിയിൽ നിരന്നിരുന്ന പുരോഹിതന്മാർ പണമെണ്ണുന്ന വീഡിയോയാണിപ്പോൽ സമൂഹമാധ്യമങ്ങളിൽ കത്തിപ്പടരുന്നത്. ഒന്നും രണ്ടുമല്ല 3 കോടിയിലധികം രൂപയാണ് പൂജാരികൾ എല്ലാവരും ചേർന്ന് എണ്ണി തിട്ടപ്പെടുത്തിയത്. കർണാടകയിലെ രാഘവേന്ദ്ര സ്വാമി മഠത്തിലാണ് സംഭവം. 100 കണക്കിന് പുരോഹിതന്മാൻ ഒന്നിച്ചിരുന്നാണ് മഠത്തിലേക്കെത്തിയ വരവ് എണ്ണിത്തിട്ടപ്പെടുത്തിയത്.
ആകെ 3,48,69,621 രൂപ, 32 ഗ്രാം സ്വർണം, 1.24 കിലോഗ്രാം വെള്ളി എന്നിവയാണ് റായ്ചുറിലെ മഠത്തിലേക്ക് ഒരു മാസം കൊണ്ട് ലഭിച്ചത്. പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന രാഘവേന്ദ്ര സ്വാമിയുടെ ജന്മവാർഷിക ആഘോഷത്തിന്‍റെ ഭാഗമായി ലക്ഷക്കണക്കിന് പേരാണ് മഠത്തിലെത്തിയത്.
അടുത്തിടെ ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയും രാജ്യസഭാ അംഗം സുധാ മൂർത്തിയും യുകെ മുൻ പ്രധാനമന്ത്രി ഋഷി സുനാക്കും ഭാര്യ അക്ഷത മൂർത്തിയും ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു .