

ബാങ്ക് സമരം പിൻവലിച്ചു; സേവനങ്ങൾ സാധാരണ നിലയിൽ
ന്യൂഡൽഹി: തിങ്കളാഴ്ച മുതൽ രാജ്യവ്യാപകമായി നടത്താനിരുന്ന മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു. ബാങ്ക് യൂണിയൻ കൂട്ടായ്മയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ (യുഎഫ്ബിയു) ആണ് താത്കാലികമായി സമരം പിൻവലിച്ചതായി ഔദ്യോഗികമായി അറിയിച്ചത്. ഞായറാഴ്ച രാത്രി ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനു (ഐബിഎ) മായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
സമരം പിൻവലിച്ചതോടെ രാജ്യത്തെ ബാങ്കിങ് സേവനങ്ങൾ തടസമില്ലാതെ സാധാരണ നിലയിൽ ലഭിക്കും. ബാങ്കുകൾക്ക് അഞ്ച് ദിവസത്തെ പ്രവൃത്തിദിനം നടപ്പിലാക്കുന്നതിന് ശനിയാഴ്ചകൾ അവധിയായി പ്രഖ്യാപിക്കണമെന്നതാണ് ബാങ്ക് യൂണിയൻ കൂട്ടായ്മ മുന്നോട്ട് വച്ച ആവശ്യം.
വിഷയം പഠിക്കാൻ ഐബിഎയുടെയും യുഎഫ്ബിയുവിന്‍റെയും നേതൃത്വത്തിൽ ഉന്നതതല സമിതി ഉടൻ രൂപീകരിക്കാൻ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഉപയോക്താക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത വിധം പ്രശ്നം പരിഹരിക്കാനാണ് നീക്കം.