

ഡൽഹി രാംലീലയിൽ പാറ്റയുടെ 30 അടി കോലം കത്തിക്കൽ; രാഷ്ട്രീയ സന്ദേശമെന്ന് വിമർശനം
representative image
ന്യൂഡൽഹി: രാവണൻ, മേഘനാദൻ, കുംഭകർണൻ എന്നിവരുടെ കോലങ്ങൾക്കൊപ്പം പാറ്റയുടെ 30 അടി കോലവും കത്തിക്കാനുള്ള ഡൽഹിയിലെ രാംലീല സംഘാടകരുടെ തീരുമാനം വിവാദത്തിൽ. മതപരമായ ആഘോഷത്തിലേക്ക് സമകാലിക രാഷ്ട്രീയ സംഭവങ്ങൾ കൊണ്ടുവരുന്നത് ഉചിതമാണോ എന്ന ചോദ്യവുമായി സമൂഹ മാധ്യമങ്ങളിൽ ചിലർ രംഗത്തെത്തിയതോടെ, ശുചിത്വ ബോധവത്കരണമാണ് ലക്ഷ്യമെന്ന് സംഘാടകർ വ്യക്തമാക്കി.
പീതംപുരയിൽ വാർഷിക രാംലീല സംഘടിപ്പിക്കുന്ന ശ്രീ കേശവ് രാംലീല കമ്മിറ്റിയാണ് പാറ്റയുടെ കോലം കത്തിക്കാൻ തീരുമാനിച്ചത്. അഴുക്കിന്റെയും വൃത്തിഹീനതയുടെയും പ്രതീകമായാണ് പാറ്റയെ അവതരിപ്പിക്കുന്നതെന്നും സ്വച്ഛ് ഭാരത്, സ്വച്ഛ് ഡൽഹി പദ്ധതികളുടെ ഭാഗമായി ശുചിത്വത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യമെന്നും കമ്മിറ്റി അറിയിച്ചു.
തീരുമാനത്തിന് രാഷ്ട്രീയ ലക്ഷ്യമില്ലെന്ന് കമ്മിറ്റി പ്രസിഡന്റ് കൂടിയായ ബിജെപി എംഎൽഎ അശോക് ഗോയൽ പറഞ്ഞു. തിന്മയ്ക്കുമേൽ നന്മ നേടുന്ന വിജയത്തിന്റെ സന്ദേശം നൽകുന്നതിനൊപ്പം ശുചിത്വത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. രാവണന്റെ സൈന്യത്തിലെ അസുരന്മാരിലൊരാളായാണ് പാറ്റയുടെ കോലം അവതരിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
തലസ്ഥാനത്ത് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധങ്ങൾ നടത്തുന്ന പശ്ചാത്തലത്തിലാണ് തീരുമാനം ചർച്ചയാകുന്നത്. മുൻ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെതിരേ ആദ്യം പ്രതിഷേധിച്ചിരുന്ന സംഘടന ഇപ്പോൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് സമരം ചെയ്യുന്നത്.
മതപരമായ ആഘോഷത്തിലേക്ക് സമകാലിക രാഷ്ട്രീയ സംഭവങ്ങൾ കൊണ്ടുവരുന്നത് വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്നും ഉത്സവത്തിന്റെ പരമ്പരാഗത പ്രാധാന്യത്തിൽ നിന്ന് ശ്രദ്ധ തിരിക്കുമെന്നും ചിലർ സമൂഹ മാധ്യമങ്ങളിൽ അഭിപ്രായപ്പെട്ടു.
രാവണനെ പാറ്റയോട് ഉപമിക്കുന്നത് സിജെപിയെ ബാധിക്കില്ലെങ്കിലും ഹിന്ദു വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയേക്കാമെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. മതത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണിതെന്നും ചിലർ വിമർശിച്ചു. ഡൽഹി വായുമലിനീകരണം നേരിടുന്ന സാഹചര്യത്തിൽ വലിയ കോലം കത്തിക്കേണ്ടതുണ്ടോയെന്നും ഒരാൾ ചോദിച്ചു.