

അലഹാബാദ് ഹൈക്കോടതി.
പ്രയാഗ്‌രാജ്: വായ്പ മുടങ്ങിയതിന്‍റെ പേരിൽ സ്വകാര്യ വ്യക്തികളുടെ വാഹനം ഗുണ്ടകളെ ഉപയോഗിച്ച് പിടിച്ചെടുക്കാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് അനുമതിയില്ലെന്ന് അലഹാബാദ് ഹൈക്കോടതി. വായ്പ നൽകിയ പണം തിരിച്ചു പിടിക്കാനായി നിയമപ്രകാരം ഒരു ഇടനിലക്കാരൻ വഴിയോ അല്ലെങ്കിൽ സിവിൽ കോടതി വഴിയോ നടപടികൾ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. 45 തവണകളായി അടയ്ക്കേണ്ട വായ്പയുടെ 31 തവണകളും കൃത്യമായി അടച്ച വായ്പാക്കാരന്‍റെ വാഹനം ദേശീയ പാതയിൽ വച്ച് തോക്കു ചൂണ്ടി പിടിച്ചെടുക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് ഇന്ദ്രജീത് ശുക്ല എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
വായ്പയെടുത്ത് വാഹനം വാങ്ങിയ സദാബ് അഹമ്മദ് എന്നയാളുടെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സ്വയം സംരംഭകനായ സദാബ് 2023 ഡിസംബറിലാണ് എച്ച്ഡിബി ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡിൽ നിന്ന് 45 തവണകളായി വായ്പ അടയ്ക്കാമെന്ന കരാറിൽ 64,059 രൂപയുടെ ടാറ്റാ ഗൂഡ്സ് കാരിയർ വാങ്ങിയത്.
2026 ഓഗസ്റ്റ് 9ന് തന്നെ വഴിയിൽ തടഞ്ഞു നിർത്തി തോക്കു ചൂണ്ടി വാഹനം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട രേഖകളിൽ ഒപ്പു വപ്പിച്ചുവെന്നും വാഹനം പിടിച്ചെടുത്തുവെന്നുമാണ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്. വാഹനം വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് കമ്പനി, പൊലീസ്, ജില്ലാ മജിസ്ട്രേറ്റ് എന്നിവർക്ക് സദാബ് പരാതി നൽകിയിരുന്നു. ഒടുവിലാണ് ഹൈക്കോടതിയെ സമീപിച്ചത്.
സദാബ് വണ്ടിച്ചെക്കുകൾ നൽകിയെന്നും സദാബിനെ അനുജൻ ഷുഐബ് അഹമ്മദിന്‍റെ പേരിലുള്ള വായ്പ നിരവധി തവണ മുടങ്ങിയിരുന്നുവെന്നുമാണ് കമ്പനി കോടതിയെ അറിയിച്ചത്. എന്നാൽ കോടതി ഇതു തള്ളി. സദാബ് അഹമ്മദിന്‍റെ വാഹനം വിട്ടു കൊടുക്കാനും വായ്പാ കരാർ ഉപാധികളില്ലാതെ പുതുക്കി നൽകാനും കോടതി നിർദേശിച്ചു.