രണ്ട് നഗരങ്ങളിലായി 36 വില്ലകൾ, വില 5.52 കോടി രൂപ; രാജസ്ഥാനിലെ ഐഎഎസ്-ഐപിഎസ് ദമ്പതികൾക്കെതിരേ അഴിമതി ആരോപണം

രാജസ്ഥാനിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശിഖർ അഗർവാൾ, ഭാര്യയും ഐപിഎസ് ഉദ്യോഗസ്ഥയുമായ പ്രശാഖ മാത്തൂർ എന്നിവർക്കെതിരെയാണ് അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) വിശദമായ അന്വേഷണം ആരംഭിച്ചത്
Shikhar Agarwal, Prashakha Mathur

ശിഖർ അഗർവാൾ, പ്രശാഖ മാത്തൂർ

Updated on: 

ജയ്പൂർ: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്വകാര്യ കമ്പനിക്ക് അനർഹമായ ആനുകൂല്യങ്ങൾ നൽകിയെന്നും പകരമായി വിപണിവിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ കുടുംബാംഗങ്ങളുടെ പേരിൽ വില്ലകൾ വാങ്ങിയെന്നും ഐഎഎസ്–ഐപിഎസ് ദമ്പതികൾക്കെതിരേ ആരോപണം. രാജസ്ഥാനിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശിഖർ അഗർവാൾ, ഭാര്യയും ഐപിഎസ് ഉദ്യോഗസ്ഥയുമായ പ്രശാഖ മാത്തൂർ എന്നിവർക്കെതിരെയാണ് അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) വിശദമായ അന്വേഷണം ആരംഭിച്ചത്.

അനന്ത എന്ന ബ്രാൻഡിൽ ഹോട്ടലുകളും റിസോർട്ടുകളും നടത്തുന്ന ഗോയൽ ഫാഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്റ്റർമാരുമായുള്ള അഗർവാളിന്‍റെ ബന്ധമാണ് അന്വേഷിക്കുന്നത്. കമ്പനിക്ക് പ്രത്യേക സാമ്പത്തിക ആനുകൂല്യങ്ങൾ അനുവദിച്ചതും റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ ഇളവുകൾ നൽകിയതും ആവശ്യമായ സർട്ടിഫിക്കറ്റുകൾ കൃത്യമായി പരിശോധിക്കാതെ അനുമതികൾ നൽകിയതും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് പരിശോധിക്കുന്നത്. ഉദയ്പുരിലെ ജില്ലാ കളക്റ്റർ, രാജസ്ഥാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ, വ്യവസായ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി തുടങ്ങിയ പദവികളിൽ അഗർവാൾ പ്രവർത്തിച്ച കാലത്തെ തീരുമാനങ്ങളും അന്വേഷണത്തിന്‍റെ ഭാഗമാണ്.

ഉദയ്പുരിൽ 20 വില്ലകൾ

2026 മാർച്ചിൽ ഉദയ്പുരിലെ ബുജ്ഹ്ഡയിലുള്ള അനന്ത റിസോർട്ടിൽ നിന്ന് 20 വില്ലകൾ വാങ്ങിയെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ഇതിൽ 10 എണ്ണം അഗർവാളിന്‍റെ പേരിലും മറ്റ് 10 എണ്ണം ഭാര്യ പ്രശാഖ മാത്തൂറിന്‍റെ പേരിലുമാണ് രജിസ്റ്റർ ചെയ്തതെന്നാണ് വിവരം. ഒരു വില്ലയ്ക്ക് ഏകദേശം 15 ലക്ഷം രൂപയാണ് നൽകിയതെന്നാണ് റിപ്പോർട്ട്. ഇതനുസരിച്ച് 20 വില്ലകളുടെ ആകെ വില ഏകദേശം മൂന്ന് കോടി രൂപ വരും.

അൽവാറിൽ 16 വില്ലകൾ

അൽവാറിലെ അജബ്ഗഢിലുള്ള അനന്ത റിസോർട്ടിലും വില്ലകൾ വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അഗർവാളിന്‍റെയും ഭാര്യയുടെയും പേരിൽ എട്ട് വില്ലകളാണ് വാങ്ങിയത്. ഇരുവരുടെയും പേരിൽ നാലെണ്ണം വീതം രജിസ്റ്റർ ചെയ്തു. ഇവയ്ക്ക് ഓരോന്നിനും ഏകദേശം 16.5 ലക്ഷം രൂപയാണ് വില നൽകിയതെന്നാണ് വിവരം.

ദമ്പതികളുടെ രണ്ട് ആൺമക്കളുടെ പേരിൽ നാല് വില്ലകൾ കൂടി വാങ്ങിയിട്ടുണ്ട്. ഓരോന്നിനും ഏകദേശം 15 ലക്ഷം രൂപയാണ് വില. അഗർവാളിന്‍റെ ഭാര്യാപിതാവിന്‍റെയും ഭാര്യാമാതാവിന്‍റെയും പേരിൽ നാല് വില്ലകൾ കൂടി രജിസ്റ്റർ ചെയ്തതായും റിപ്പോർട്ടുണ്ട്. ഇവയ്ക്ക് ഓരോന്നിനും ഏകദേശം 16.5 ലക്ഷം രൂപയാണ് വില നൽകിയതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ വിവരം.

ഇതോടെ ഉദയ്പുരിലെ 20 വില്ലകളും അൽവാറിലെ 16 വില്ലകളും ഉൾപ്പെടെ രണ്ട് നഗരങ്ങളിലായി ആകെ 36 വില്ലകളാണ് അന്വേഷണപരിധിയിലുള്ളത്. ഇവയുടെ ആകെ മൂല്യം ഏകദേശം 5.52 കോടി രൂപ വരും.