

ശേഷ് പോൾ വൈദ്
ന്യൂഡൽഹി: ഡൽഹിയിൽ ദിനം പ്രതി വായു മലിനീകരണം മോശം അവസ്ഥയിലേക്കെത്തുകയാണ്. 400 മുകളിലാണ് വിവിധയിടങ്ങളിൽ വായു മലനീകരണ തോത്. ഈ സാഹചര്യത്തിൽ ഡൽഹി സർക്കാരിനെതിരേ വിമർശനവുമായി ജമ്മു കശ്മീർ മുൻ ഡിജിപി ശേഷ് പോൾ വൈദ് രംഗത്തെത്തി.
ഡൽഹി യാത്രയിൽ ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്നും ഈ പ്രശ്നങ്ങളിൽ ആവശ്യമായ നടപടിയെടുക്കാൻ സംസ്ഥാന-കേന്ദ്ര സർക്കാരുകളും സുപ്രീം കോടതിയും തയാറാവണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
''15 ദിവസം ഡൽഹിയിൽ താമസിച്ചതിനു ശേഷം ഇന്നാണ് ഞാനും കുടുംബവും ജമ്മു കശ്മീരിൽ തിരിച്ചെത്തിയത്. ഇപ്പോൾ ഞങ്ങളുടെ അവസ്ഥ വളരെ മോശമാണ്. കഠിനമായ തൊണ്ടവേദനയും മൂക്കോലിപ്പും മൂലസം ബുദ്ധിമുട്ടുകയാണ്. 1000 സിഗരറ്റ് വലിക്കുന്നതിന് തുല്യമായ അവസ്ഥ. വളരെ കുറച്ചു ദിവസം ഡൽഹിയിൽ തങ്ങിയതിന് ശേഷം തങ്ങളുടെ അവസ്ഥ ഇതാണെങ്കിൽ ഡൽഹിയിലെ കുട്ടികളുടെയും പ്രായമായവരുടെയും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ളവരുടെയും അവസ്ഥ എന്തായിരിക്കും.
ഈ പ്രതിസന്ധിയിലും സുപ്രീ കോടതിയും കേന്ദ്ര-സംസ്ഥാന സർക്കാരുകളും അടിയന്തര നടപടിയിലേക്ക് കടക്കുന്നില്ലെങ്കിൽ എന്ത് ചെയ്യും? ഉത്തരവാദിത്വം ആർക്കാണ്? ഇങ്ങനെ ഡൽഹി എത്രകാലം ഗ്യാസ് ചേമ്പറായി നിലനിൽക്കും?'' അദ്ദേഹം എക്സിൽ കുറിച്ചു.