

അഹമ്മദ് താരിഖ് കരീം, പൂജ കുമാരി ഝാ
ധാക്ക: ബംഗ്ലാദേശില്‍ നടന്ന ഒരു സെമിനാറിനിടെ ജമ്മു കശ്മീരിന്‍റെ ഭൂപടം തെറ്റായി ചിത്രീകരിച്ചതിനെതിരേ ഇന്ത്യന്‍ നയതന്ത്രജ്ഞയുടെ തിരുത്ത്. ബംഗ്ലാദേശ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്‍റര്‍നാഷണല്‍ ആന്‍ഡ് സ്ട്രാറ്റജിക് സ്റ്റഡീസില്‍ തിങ്കളാഴ്ച നടന്ന 'വിശ്വാസം പുനര്‍നിര്‍മിക്കുക, പ്രാദേശിക സംയോജനം പുതുക്കുക: സാര്‍ക്കിനെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പാതകള്‍' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ഇന്ത്യയിലെ മുന്‍ ബംഗ്ലാദേശ് ഹൈക്കമ്മീഷണര്‍ അഹമ്മദ് താരിഖ് കരീം നടത്തിയ അവതരണത്തിനിടെയാണ് ജമ്മു കശ്മീരിന്‍റെ ഭൂപടം തെറ്റായി ചിത്രീകരിച്ചത്.
തുടര്‍ന്നു ധാക്കയിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥയായ പൂജ കുമാരി ഝാ തിരുത്തി. 2009 മുതല്‍ 2014 വരെ ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് കരീം. സെമിനാറില്‍ കരീം സംസാരിച്ചു കൊണ്ടിരിക്കെ സദസിലുണ്ടായിരുന്ന പൂജ കുമാരി ഝാ അവതരണത്തില്‍ പ്രദര്‍ശിപ്പിച്ച ഭൂപടം തെറ്റാണെന്നു ചൂണ്ടിക്കാണിച്ചു.
എന്നാല്‍ ഭൂപടത്തില്‍ യഥാര്‍ഥ അതിര്‍ത്തികള്‍ പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് കരീം പറഞ്ഞെങ്കിലും പൂജ കുമാരി എതിര്‍പ്പ് തുടര്‍ന്നു. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഭൂപടം അക്കാര്യം തെറ്റായി ചിത്രീകരിച്ചിരിക്കുകയാണെന്നും പൂജ പറഞ്ഞു. ഇതു കേട്ട കരീം താങ്കള്‍ ഇന്ത്യയില്‍ നിന്നുള്ള ആളാണോ എന്ന് പൂജയോട് ചോദിച്ചു. ധാക്കയിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ സെക്കന്‍ഡ് സെക്രട്ടറിയാണെന്ന് പൂജ മറുപടി പറഞ്ഞു. ഉടന്‍ തന്നെ ' കാര്യം ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു ' എന്ന് കരീം മറുപടിയും പറഞ്ഞു.