

വിമാനയാത്രികർക്ക് ആശ്വാസം; 60 % സീറ്റുകളും സൗജന്യമായി തെരഞ്ഞെടുക്കാം
ന്യൂഡൽഹി: ആഭ്യന്തര വിമാനങ്ങളിൽ അറുപതു ശതമാനം സീറ്റുകളും അധിക ചാർജില്ലാതെ ലഭ്യമാക്കണമെന്ന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം. ചെക്കിൻ സമയത്ത് ഈ സീറ്റുകൾ തെരഞ്ഞെടുക്കാനാകും. നിലവിൽ വളരെ കുറച്ചു സീറ്റുകൾ മാത്രമേ ഇത്തരത്തിൽ തെരഞ്ഞെടുക്കാനാകൂ. വിൻഡോ സീറ്റ് അടക്കമുള്ളവ തെരഞ്ഞെടുക്കാൻ കൂടുതൽ പണം അടയ്ക്കേണ്ട സാഹചര്യത്തിനാണ് ഇതോടെ അറുതിയാകുന്നത്. യാത്രക്കാരുടെ സൗകര്യത്തിനും ആവശ്യങ്ങൾക്കും പരിഗണന നൽകിക്കൊണ്ടാണ് പുതിയ മാർഗനിർദേശങ്ങൾ.
പിഎൻആറിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഒരുമിച്ച് സീറ്റുകൾ അനുവദിക്കണമെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കുടുംബമായി യാത്ര ചെയ്യുമ്പോൾ പലയിടങ്ങളിലായി സീറ്റ് ലഭിക്കുന്നതിനെക്കുറിച്ച് പരാതികൾ വ്യാപകമായിരുന്നു. സഹയാത്രികരോട് സീറ്റ് പരസ്പരം കൈമാറുന്നതിനായി ആവശ്യപ്പെടുന്നത് വലിയ വാക്കുതർക്കങ്ങൾക്ക് ഇടയാക്കാറുണ്ട്. ഇതിനെത്തുടർന്നാണ് ഈ നിർദേശം.
കായിക ഉപകരണങ്ങൾ, സംഗീതോപകരണങ്ങൾ എന്നിവ കൊണ്ടു പോകുന്നതിനായി സുതാര്യവും ലളിതവുമായ നയം സ്വീകരിക്കണം, വളർത്തുമൃഗങ്ങളുമായി എത്തുന്നവർക്ക് വ്യക്തമായ മാർഗനിർദേശങ്ങൽ വിമാനക്കമ്പനികൾ വെബ്സൈറ്റിലൂടെ നൽകണം, യാത്രികരുടെ അവകാശങ്ങളെക്കുറിച്ച് ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലും വെബ്സൈറ്റുകളിലും ആപ്പുകളിലും ലഭ്യമാക്കണം എന്നീ നിർദേശങ്ങളും നൽകിയിട്ടുണ്ട്. അതു പോലെ തന്നെ വിമാനങ്ങൾ വൈകുമ്പോഴോ റദ്ദാക്കുമ്പോഴഓ യാത്രക്കാർക്ക് പണം തിരിച്ച് ലഭിക്കുന്നുണ്ടോ എന്നുറപ്പാക്കണമെന്നും നിർദേശങ്ങളിലുണ്ട്.