ഒബിസി പട്ടിക തിരുത്തി സുവേന്ദു സർക്കാർ

മമത കൊണ്ടുവന്ന വിവാദ പട്ടിക റദ്ദായി,ഒബിസി പട്ടിക തിരുത്തി സുവേന്ദു സർക്കാർ
Suvendu government revises OBC list

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി.

File image

Updated on

കോൽക്കത്ത: തൃണമൂൽ കോൺഗ്രസ് സർക്കാരിന്‍റെ കാലത്ത് വിപുലീകരിച്ച വിവാദ ഒബിസി സംവരണപ്പട്ടിക പരിഷ്കരിച്ചുകൊണ്ടുള്ള രണ്ടു ബില്ലുകൾ പശ്ചിമ ബംഗാൾ നിയമസഭ പാസാക്കി. ഇതോടെ, മമത ബാനർജിയുടെ ഭരണകാലത്ത് പട്ടികയിൽ ഉൾപ്പെടുത്തിയ 113 ഉപവിഭാഗങ്ങൾ പുറത്തായി. പിന്നാക്ക സംവരണം 17 ശതമാനത്തിൽ നിന്ന് ഏഴു ശതമാനമായി പുനഃസ്ഥാപിക്കുന്ന ഭേദഗതിയിൽ മുൻപുണ്ടായിരുന്ന 66 ഉപവിഭാഗങ്ങൾ മാത്രമായി ഒബിസി പട്ടിക ചുരുങ്ങി. 66 ഉപവിഭാഗങ്ങൾക്കു മാത്രമേ നിയമപരമായി സാധുതയുള്ളൂ എന്ന കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണു ഭേദഗതിയെന്നു സർക്കാർ.

പശ്ചിമ ബംഗാൾ പിന്നാക്ക വിഭാഗ ഭേദഗതി, പശ്ചിമ ബംഗാൾ പിന്നാക്ക വിഭാഗ (പട്ടികജാതി, പട്ടിക വർഗമൊഴിക-തസ്തികകളിലും സേവനത്തിനും നിയമനത്തിനുള്ള ഒഴിവുകളിലെ സംവരണം) എന്നീ ബില്ലുകളാണ് പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ വിമത തൃണമൂൽ കോൺഗ്രസ് അംഗങ്ങളുടെ വോക്കൗട്ടിനിടെ പാസാക്കിയത്. ഭേദഗതിയെ 186 പേർ അനുകൂലിച്ചു. 18 പേർ എതിർത്തു. ആറു പേർ വിട്ടുനിന്നു.

2012ലാണ് മമത ബാനർജി സർക്കാർ ഒബിസി സംവരണം 17 ശതമാനമായി ഉയർത്തിയത്. തുടർന്നു രണ്ടു ഘട്ടങ്ങളിലായി പട്ടികയിൽ ഉൾപ്പെടുത്തിയ 113 ഉപവിഭാഗങ്ങളിൽ 100 എണ്ണവും മുസ്‌ലിം സമുദായത്തിൽ നിന്നായിരുന്നു. പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങളെയും ഒബിസി പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്നുണ്ടായ നിയമയുദ്ധത്തിൽ തൃണമൂൽ സർക്കാരിന് ഹൈക്കോടതിയിൽ നിന്നു തിരിച്ചടിയേറ്റിരുന്നു. പട്ടികയിലേക്ക് പുതുതായി ഉൾപ്പെടുത്താൻ സാമ്പത്തികവും സാമൂഹികവുമായ സാഹചര്യങ്ങളല്ല, മതമാണ് മാനദണ്ഡമാക്കിയതെന്നു വിലയിരുത്തിയ ഹൈക്കോടതി സർക്കാർ ഉത്തരവ് റദ്ദാക്കിയിരുന്നു.

തിങ്കളാഴ്ച ഭേദഗതിയോടെ സംസ്ഥാനത്ത് ഇടതുസർക്കാരിന്‍റെ കാലത്തുണ്ടായിരുന്ന ഒബിസി പട്ടികയാണു പുനഃസ്ഥാപിക്കപ്പെട്ടത്. പുതിയ ഭേദഗതി, പട്ടിക വിപുലീകരണം തടയുന്നില്ലെന്നു സർക്കാർ വ്യക്തമാക്കി. പുതിയ വിഭാഗങ്ങളെയും ഉൾപ്പെടുത്താം. എന്നാൽ, അത് കൃത്യമായ സർവെകളുടെയും പരിശോധനകളുടെയും മാത്രം അടിസ്ഥാനത്തിലായിരിക്കണമെന്നും സർക്കാർ.

logo
Metro Vaartha
www.metrovaartha.com