റോഡപകടത്തിൽ 88 ശതമാനം വൈകല്യം; യുവാവിന് 2.92 കോടി രൂപ നഷ്ടപരിഹാരം

വരുമാനനഷ്ടം, ചികിത്സാ ചെലവ്, പരിചാരകന്‍റെ ചെലവ് തുടങ്ങിയവ ഉൾപ്പെടെയാണ് നഷ്ടപരിഹാരം
88% disability from road accident; young man awarded ₹2.92 crore compensation.

റോഡപകടത്തിൽ 88 ശതമാനം വൈകല്യം; യുവാവിന് 2.92 കോടി രൂപ നഷ്ടപരിഹാരം

Updated on

ന്യൂഡൽഹി: 2020ലെ റോഡപകടത്തിൽ 88 ശതമാനം സ്ഥിരവൈകല്യം സംഭവിച്ച 32കാരനായ മാർക്കറ്റിങ് എക്സിക്യൂട്ടീവിന് 2.92 കോടി രൂപയിലധികം നഷ്ടപരിഹാരം അനുവദിച്ച് ഡൽഹിയിലെ മോട്ടോർ ആക്സിന്‍റ് ക്ലെയിംസ് ട്രൈബ്യൂണൽ. ഹെൽമറ്റ് ധരിക്കാതിരുന്നതിനാൽ പരുക്കേറ്റ ആൾക്കും അപകടത്തിൽ പങ്കുണ്ടെന്ന ഇൻഷുറൻസ് കമ്പനിയുടെ വാദം ട്രൈബ്യൂണൽ തള്ളി.

ഹെൽമറ്റ് ധരിക്കാത്തത് ട്രാഫിക് നിയമലംഘനമാണെങ്കിലും, അത് അപകടത്തിന് കാരണമായെന്ന് വ്യക്തമാക്കുന്ന തെളിവില്ലെങ്കിൽ അതിനെ ‘കോൺട്രിബ്യൂട്ടറി നെഗ്ലിജൻസ്’ ആയി കണക്കാക്കാനാകില്ലെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി.

നിൽ‌മണി ചൗഹാൻ എന്ന ആൾക്കാണ് ട്രൈബ്യൂണൽ നഷ്ടപരിഹാരം അനുവദിച്ചത്. വരുമാനനഷ്ടം, ചികിത്സാ ചെലവ്, പരിചാരകന്‍റെ ചെലവ് തുടങ്ങിയവ ഉൾപ്പെടെയാണ് നഷ്ടപരിഹാരം. അപകടത്തെ തുടർന്ന് നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ ചൗഹാന് 88 ശതമാനം സ്ഥിരവൈകല്യം ഉണ്ടായിട്ടുണ്ട്. ഇനി ജീവിതകാലം മുഴുവൻ നിൽക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥയിലാണ്. 2020 ഡിസംബർ 30ന് അശ്രദ്ധമായും അപകടകരമായും ഓടിച്ച കാർ തന്‍റെ ഇരുചക്രവാഹനത്തിൽ ഇടിച്ചാണ് ഗുരുതരമായി പരുക്കേറ്റതെന്ന് ചൗഹാൻ ഹർജിയിൽ പറഞ്ഞു.

ഹെൽമറ്റ് ധരിക്കാത്തത് അപകടത്തിന് കാരണമായെന്ന ഇൻഷുറൻസ് കമ്പനിയുടെ വാദം ട്രൈബ്യൂണൽ തള്ളി. ഹെൽമറ്റ് ധരിക്കാത്തത് മോട്ടോർ വാഹന നിയമപ്രകാരം കുറ്റമാണെങ്കിലും, അപകടത്തിന് കാരണമായ അശ്രദ്ധയോ അപകടകരമായ പ്രവൃത്തിയോ ആയി അതിനെ കണക്കാക്കാനാകില്ലെന്ന് വ്യക്തമാക്കി. അപകടം വ്യാജമാണെന്ന ഇൻഷുറൻസ് കമ്പനിയുടെ വാദവും ട്രൈബ്യൂണൽ തള്ളി. വ്യാജ അപകടമാണെന്ന് സംശയമുണ്ടെങ്കിൽ ബന്ധപ്പെട്ട ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് ഓഫീസിൽ പരാതി നൽകാൻ കമ്പനിക്ക് അവസരമുണ്ടായിരുന്നുവെന്ന് ട്രൈബ്യൂണൽ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com