കടലിലും കരയിലും വിവേകവും നിശ്ചയദാർഢ്യവും വേണം

കണ്ണൂർ ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിയുടെ ശരത്കാല ടേം പാസിങ് ഔട്ട് പരേഡ്- 2026ല്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു നടത്തിയ അഭിസംബോധന.
President Droupadi Murmu

രാഷ്‌ട്രപതി ദ്രൗപദി മുര്‍മു

Updated on: 

ദ്രൗപദി മുർമു

രാഷ്‌ട്രപതി

ശരത്കാല ടേം പാസിങ് ഔട്ട് പരേഡ്-2026 പരിശോധിക്കാൻ ഇവിടെ സന്നിഹിതയാകാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഇന്ത്യന്‍ തീരസംരക്ഷണ സേനയില്‍ നിന്നും സൗഹൃദ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ ഉള്‍പ്പെടെ പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന എല്ലാ ട്രെയിനികളെയും അഭിനന്ദിക്കുന്നു. നിങ്ങളുടെ ശാരീരികക്ഷമതയും മാനസിക കരുത്തും നിശ്ചയദാര്‍ഢ്യവും പരീക്ഷിക്കപ്പെട്ട പരിശീലന ഘട്ടം നിങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു. നിങ്ങളുടെ ആകര്‍ഷകമായ വേഷവിധാനവും മികച്ച സൈനിക ഗാംഭീര്യവും പരേഡ് അവതരിപ്പിച്ചതിലെ കൃത്യതയും നിങ്ങളുടെ പരിശീലനത്തിന്‍റെയും അച്ചടക്കത്തിന്‍റെയും അര്‍പ്പണബോധത്തിന്‍റെയും ഉയര്‍ന്ന നിലവാരത്തെ പ്രതിഫലിപ്പിക്കുന്നു.

നിങ്ങളുടെ മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും സംഭാവനകളെയും ഈ അവസരത്തില്‍ അനുസ്മരിക്കാന്‍ ആഗ്രഹിക്കുന്നു. ഓരോ യുവ ഉദ്യോഗസ്ഥന്‍റെയും പിന്നില്‍, ത്യാഗങ്ങള്‍ സഹിക്കുകയും പ്രോത്സാഹനം നല്‍കുകയും പ്രയാസകരമായ ഘട്ടങ്ങളില്‍ കരുത്തായി നില്‍ക്കുകയും ചെയ്ത ഒരു കുടുംബമുണ്ട്. നിങ്ങളുടെ കുടുംബങ്ങളുടെ സംഭാവനകള്‍ അഭിനന്ദനാര്‍ഹമാണ്. പരിശീലനം പൂര്‍ത്തിയാക്കുന്നവരില്‍ ധാരാളം യുവതികളെ കാണാന്‍ കഴിയുന്നതില്‍ പ്രത്യേക സന്തോഷമുണ്ട്. എന്‍റെ പ്രിയപ്പെട്ട പുത്രിമാരെ, ഇവിടെയുള്ള നിങ്ങളുടെ സാന്നിധ്യം രാജ്യത്തിനാകെ അഭിമാനകരമാണ്. നിശ്ചയദാര്‍ഢ്യത്തിനും ധൈര്യത്തിനും കഴിവിനും അതിരുകളില്ലെന്ന് നിങ്ങള്‍ തെളിയിച്ചിരിക്കുന്നു. വലിയ സ്വപ്നങ്ങള്‍ കാണാനും രാഷ്‌ട്രസേവനത്തില്‍ വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും മറ്റ് നിരവധി യുവതികള്‍ക്ക് നിങ്ങളുടെ നേട്ടങ്ങള്‍ പ്രചോദനമാകും.

സൗഹൃദ രാജ്യങ്ങളില്‍ നിന്നുള്ള ട്രെയ്നികള്‍ക്കും ഞാന്‍ പ്രത്യേക അഭിനന്ദനങ്ങള്‍ നേരുന്നു. ഇന്ത്യന്‍ സഹപ്രവര്‍ത്തകരോടൊപ്പം തോളോടു തോള്‍ ചേര്‍ന്ന് നിങ്ങള്‍ മാര്‍ച്ച് ചെയ്യുന്നത് കാണുന്നത് ഏറെ സന്തോഷകരമാണ്. ഇവിടെ നിങ്ങള്‍ കെട്ടിപ്പടുത്ത സൗഹൃദങ്ങള്‍, ഈ അക്കാദമിയില്‍ ചെലവഴിച്ച കാലങ്ങള്‍ക്കപ്പുറവും നിലനില്‍ക്കും. നമ്മുടെ രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പരസ്പര വിശ്വാസത്തിന്‍റെയും സഹകരണത്തിന്‍റെയും സൗഹൃദത്തിന്‍റെയും ചൈതന്യം നിങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും.

ഫെബ്രുവരിയില്‍ വിശാഖപട്ടണത്ത് അന്താരാഷ്‌ട്ര ഫ്ലീറ്റ് വീക്ഷിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഇന്ത്യന്‍ നാവികസേനയുടെ വളര്‍ന്നുവരുന്ന കരുത്തിന്‍റെയും ശേഷികളുടെയും ശ്രദ്ധേയമായ പ്രകടനമായിരുന്നു അത്. സായുധ സേനയെ ശക്തിപ്പെടുത്തുന്നതിലും സമുദ്ര മേഖലയിലെ ശേഷികള്‍ വര്‍ദ്ധിപ്പിക്കുന്നതിലും ഇന്ത്യ അതിവേഗം മുന്നേറുകയാണ്. ഇന്ത്യന്‍ നാവികസേന സുപ്രധാനമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ സേനയിലേക്ക് കടന്നുവരാന്‍ സാധിച്ച നിങ്ങള്‍ ഭാഗ്യവാന്മാരാണ്. ഈ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കുക മാത്രമല്ല, അതിന്‍റെ ഭാവി രൂപപ്പെടുത്തുന്നവരില്‍ ഒരാളായി മാറാനും നിങ്ങള്‍ക്ക് അവസരമുണ്ടാകും.

ഇന്നത്തെ പരസ്പര ബന്ധിതമായ ലോകത്ത് സമുദ്ര മേഖലയ്ക്ക് പ്രാധാന്യം ഏറിവരികയാണ്. ആഗോള വ്യാപാരത്തിന്‍റെ വലിയൊരു ഭാഗവും കടല്‍മാര്‍ഗമാണ് നടക്കുന്നത്. അതിനാല്‍, സമുദ്ര പാതകളുടെ സുരക്ഷ രാഷ്‌ട്രങ്ങളുടെ സാമ്പത്തിക ക്ഷേമവുമായും ജനങ്ങളുടെ ദൈനംദിന ജീവിതവുമായും കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നു. കപ്പലുകളുടെ സഞ്ചാരത്തിന് ഏതെങ്കിലും തരത്തിലുള്ള തടസമുണ്ടായാല്‍ അത് അവശ്യവസ്തുക്കളുടെ വിതരണത്തെ ബാധിക്കുകയും ചെലവുകള്‍ വർധിപ്പിക്കുകയും സാധാരണ പൗരന്മാര്‍ക്ക് അധികഭാരം വരുത്തിവയ്ക്കുകയും ചെയ്യും. കടലിലെ നിങ്ങളുടെ സേവനം കരയിലെ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് അവരുടെ സുരക്ഷയ്ക്കും പുരോഗതിയ്ക്കും ക്ഷേമത്തിനും നേരിട്ട് സംഭാവന നല്‍കുന്നു.

ഇന്ത്യ, തദ്ദേശീയ പ്രതിരോധ ശേഷിയും നിരന്തരം ശക്തിപ്പെടുത്തുകയാണ്. നമ്മുടെ കൂടുതല്‍ കപ്പലുകളും അന്തര്‍വാഹിനികളും ഇപ്പോള്‍ ഇന്ത്യന്‍ കപ്പല്‍ശാലകളില്‍ തന്നെ രൂപകല്‍പ്പന ചെയ്യുകയും നിർമിക്കുകയും ചെയ്യുന്നു. ഇത് സ്വാശ്രയത്വത്തോടുള്ള നമ്മുടെ പ്രതിബദ്ധതയെയും നമ്മുടെ എൻജിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍, വിദഗ്ധ തൊഴിലാളികള്‍, വ്യവസായ മേഖല എന്നിവയുടെ കഴിവുകളിലുള്ള നമ്മുടെ ആത്മവിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നു.

നിങ്ങളുടെ സത്യസന്ധത, തൊഴില്‍പരമായ കഴിവ്, ധൈര്യം, അനുകമ്പ എന്നിവയായിരിക്കും ഇന്ത്യന്‍ നാവികസേനയുടെ സ്വഭാവത്തെ നിര്‍വചിക്കുക. കടലില്‍, പ്രതികൂല കാലാവസ്ഥയെയും, ദീര്‍ഘകാല സേവനത്തെയും, അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ സാഹചര്യങ്ങളെയും നിങ്ങള്‍ക്ക് നേരിടേണ്ടി വരും. പലപ്പോഴും കടുത്ത സമ്മര്‍ദങ്ങള്‍ക്കിടയില്‍, കഠിനമായ തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. നേതൃത്വം എന്നത് കേവലം ഉത്തരവുകള്‍ നല്‍കുക മാത്രമല്ല, മറിച്ച് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുക, മാതൃക കാണിക്കുക, ഒപ്പം സേവനമനുഷ്ഠിക്കുന്നവര്‍ക്ക് താങ്ങായി നില്‍ക്കുക എന്നിവയാണെന്ന് എപ്പോഴും ഓര്‍ക്കണം.

ലോകം വേഗത്തില്‍ മാറുന്നു. പുതിയ സാങ്കേതികവിദ്യകള്‍ യുദ്ധമുറകളുടെയും സമുദ്ര സുരക്ഷയുടെയും സ്വഭാവത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. ഭാവിയില്‍ ഉണ്ടാകാനിടയുള്ള എല്ലാ വെല്ലുവിളികളും പ്രവചിക്കാന്‍ നമുക്കാവില്ല. എന്നാല്‍, നിങ്ങളുടെ പരിശീലനവും, സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവും, അര്‍പ്പണബോധവും ഇത്തരം വെല്ലുവിളികളെ നേരിടാന്‍ നിങ്ങളെ സജ്ജരാക്കുമെന്ന് എനിക്കുറപ്പുണ്ട്. നിരന്തരം പഠിച്ചുകൊണ്ടേയിരിക്കണം; ഒപ്പം നിങ്ങളുടെ അറിവും നൈപുണ്യങ്ങളും കാലാനുസൃതമായി മെച്ചപ്പെടുത്തുകയും വേണം.

കരുത്തുറ്റതും സമൃദ്ധവും വികസിതവുമായ ഇന്ത്യ കെട്ടിപ്പടുക്കുക എന്നതാണ് നമ്മുടെ എല്ലാ ദേശീയ പരിശ്രമങ്ങളുടെയും ആത്യന്തിക ലക്ഷ്യം. വികസിത് ഭാരത് എന്ന കാഴ്ചപ്പാട് സാമ്പത്തിക വളര്‍ച്ചയിലോ വികസന സൂചകങ്ങളിലെ മെച്ചപ്പെടുത്തലിലോ മാത്രം ഒതുങ്ങുന്നതല്ല. ഓരോ പൗരനും സുരക്ഷിതത്വം അനുഭവപ്പെടുന്ന, അവസരങ്ങള്‍ ലഭ്യമാകുന്ന, അന്തസോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാന്‍ കഴിയുന്ന ഒരു രാഷ്‌ട്രം കെട്ടിപ്പടുക്കുക എന്നതാണ് ഇതിന്‍റെ അർഥം.

നിങ്ങള്‍ "അന്തിം പഗി'ന് ഒരുങ്ങുമ്പോള്‍, സേവനത്തിന്‍റെയും ഉത്തരവാദിത്തത്തിന്‍റെയും ഒരു യാത്രയാണ് ആരംഭിക്കുന്നതെന്ന് ഓര്‍ക്കുക. നിങ്ങള്‍ ധരിക്കുന്ന യൂണിഫോമില്‍ നൂറു കോടിയിലധികം വരുന്ന ഇന്ത്യക്കാരുടെ വിശ്വാസവും പ്രതീക്ഷകളും അടങ്ങിയിരിക്കുന്നു. എവിടെ ജീവിക്കുന്നുവെന്നോ എന്ത് ജോലി ചെയ്യുന്നുവെന്നോ വ്യത്യാസമില്ലാതെ ഓരോ പൗരനും ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയുമാണ് നമ്മുടെ സായുധസേനയെ നോക്കിക്കാണുന്നത്. ആ വിശ്വാസത്തിന് നിങ്ങള്‍ എപ്പോഴും യോഗ്യരായിരിക്കണം.

ഇന്ത്യന്‍ നാവികസേനയുടെ ഉന്നതമായ പാരമ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നിങ്ങളില്‍ ഓരോരുത്തരോടും അഭ്യർഥിക്കുന്നു. ഓരോ കടമയും ആത്മാർഥതയോടെ നിര്‍വഹിക്കുകയും ഓരോ വെല്ലുവിളിയെയും ധൈര്യത്തോടെ നേരിടുകയും എല്ലാവരോടും നീതിയും ആദരവും പുലര്‍ത്തുകയും വേണം. വ്യക്തിഗത നേട്ടങ്ങളില്‍ അഭിമാനിക്കണം, എന്നാല്‍ സേവനത്തിന്‍റെ വിശാലമായ ലക്ഷ്യം ഒരിക്കലും മറക്കരുത്.

ഏറ്റവും പ്രക്ഷുബ്ധമായ കടലുകളെ നേരിടാനുള്ള ധൈര്യവും പ്രയാസകരമായ സാഹചര്യങ്ങളെ തരണം ചെയ്യാനുള്ള വിവേകവും ഏല്‍പ്പിക്കുന്ന ഓരോ ദൗത്യവും പൂര്‍ത്തിയാക്കാനുള്ള നിശ്ചയദാര്‍ഢ്യവും നിങ്ങള്‍ക്ക് എപ്പോഴും ഉണ്ടാകട്ടെ.

ശം നോ വരുണഃ!

(വരുണ ദേവന്‍ അനുഗ്രഹിക്കട്ടെ).

നന്ദി! ജയ് ഹിന്ദ്! ജയ് ഭാരത്!