79 വർഷത്തെ കാത്തിരിപ്പ്; ആദ്യത്തെ സർക്കാർ ബസിനെ വരവേറ്റ് രാജസ്ഥാനിലെ ഗ്രാമീണർ |Video ‌

പൂക്കളും ചെണ്ടകൊട്ടും ആരതിയും നൃത്തവുമൊക്കെയായാണ് കുർത്താൽ ബസിനെ വരവേറ്റത്.
A 79-year wait; villagers in Rajasthan welcome the first government bus | Video

79 വർഷത്തെ കാത്തിരിപ്പ്; ആദ്യത്തെ സർക്കാർ ബസിനെ വരവേറ്റ് രാജസ്ഥാനിലെ ഗ്രാമീണർ |Video ‌

Updated on

ജയ്പുർ: എഴുപത്തൊമ്പത് വർഷം നീണ്ടു നിന്ന കാത്തിരിപ്പ് സഫലമായതിന്‍റെ ആഘോഷത്തിലാണ് രാജസ്ഥാനിലെ കുർത്താൽ ഗ്രാമം. സ്വാതന്ത്ര്യം ലഭിച്ച് 79 വർഷങ്ങൾക്കു ശേഷമാണ് കുർത്താലിലേക്ക് ആദ്യമായി ഒരു സർക്കാർ ബസ് എത്തുന്നത്. പൂക്കളും ചെണ്ടകൊട്ടും ആരതിയും നൃത്തവുമൊക്കെയായാണ് കുർത്താൽ ബസിനെ വരവേറ്റത്. ആഘോഷത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ബസ് ഡ്രൈവറെയും കണ്ടക്റ്ററെയും തലപ്പാവും പൂമാലകളും അണിയിച്ചും പടക്കം പൊട്ടിച്ചും ദീർഘനേരം നീണ്ടു നിൽക്കുന്ന ആഘോഷത്തിനാണ് ഗ്രാമം സാക്ഷിയായത്. കുർത്താലിൽ പിറന്നിരിക്കുന്ന ചരിത്രമാണെന്നാണ് നാട്ടുകാർ പറയുന്നത്.

രാജസ്ഥാൻ റോഡ് ശൃംഖലയ്ക്ക് പുറത്തായിരുന്നു വർഷങ്ങളോളമായി കുർത്താലും അടുത്തുള്ള കേറോട്ട് ഗ്രാമവും. അതു കൊണ്ടു തന്നെ ഇവിടേക്ക് വാഹന സൗകര്യവും പരിമിതമായിരുന്നു.

അടുത്തുള്ള പട്ടണം, അങ്ങാടി, ആശുപത്രികൾ, സ്കൂളുകൾ, സർക്കാർ ഓഫിസുകൾ എന്നിവിടങ്ങളിലേക്കുള്ള യാത്ര ഇനി കൂടുതൽ എളുപ്പമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ഇതു വരെയും കിലോമീറ്ററുകളോളം സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിച്ചാണ് ഗ്രാമീണർ പട്ടണത്തിലെത്തിയിരുന്നത്. സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോക്ക് താഴെ പല വിധത്തിലുള്ള കമന്‍റുകളാണ് പെരുകുന്നത്. ഗ്രാമീണരുടെ സന്തോഷത്തിൽ മനസു നിറഞ്ഞുവെന്ന് ചിലർ കമന്‍റ് ചെയ്യുമ്പോൾ വാഹനസൗകര്യം ഒരു അടിസ്ഥാന അവകാശമാണെന്ന് പാവപ്പെട്ട ഗ്രാമീണർ തിരിച്ചറിഞ്ഞിട്ടില്ലെന്ന് മറ്റു ചിലർ കുറിക്കുന്നു.

logo
Metro Vaartha
www.metrovaartha.com