

പ്രതീകാത്മക ചിത്രം
ദേവപ്രയാഗ്: ഉത്തരാഖണ്ഡിൽ ഋഷികേശ്–ബദരീനാഥ് ദേശീയപാതയിൽ കാർ നിയന്ത്രണംവിട്ട് 492 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ചയാണ് സംഭവം.
ചമോലി സ്വദേശികളായ സത്യേശ്വരി ദേവി (72), ഡ്രൈവർ അനിൽ (33) എന്നിവരാണ് മരിച്ചത്. രുദ്രപ്രയാഗ് സ്വദേശികളായ ഉത്തം സിങ് (33), ടിഷ റാവത്ത് (18), സുനിത ദേവി (45) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ബാഗിയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു.
ചണ്ഡീഗഢിൽ നിന്ന് രുദ്രപ്രയാഗിലേക്ക് പോവുകയായിരുന്ന ഹരിയാന രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. ദേവപ്രയാഗിൽ നിന്ന് ശ്രീനഗറിലേക്കുള്ള ദിശയിൽ ഏകദേശം നാല് കിലോമീറ്റർ അകലെ പാലി ഗ്രാമത്തിന് സമീപമാണ് കാർ നിയന്ത്രണംവിട്ട് താഴേക്ക് പതിച്ചത്. ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
മതപരമായ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ചണ്ഡീഗഢിൽ നിന്ന് രുദ്രപ്രയാഗിലേക്ക് യാത്ര ചെയ്യുകയായിരുന്നു സംഘമെന്ന് പൊലീസ് പറഞ്ഞു. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല.
പ്രദേശത്തെ ദുർഘടമായ ഭൂപ്രകൃതിയും നദിയുടെ സാന്നിധ്യവും രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിരുന്നു. പൊലീസ്, സംസ്ഥാന ദുരന്തനിവാരണ സേന (എസ്ഡിആർഎഫ്) എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ മൃതദേഹങ്ങൾ ചങ്ങാടത്തിൽ നദി കടത്തിയാണ് ദേവപ്രയാഗിലെത്തിച്ചത്.