'A' സർട്ടിഫിക്കറ്റുള്ള സിനിമ സ്കൂളിൽ പ്രദർശിപ്പിച്ചു; പരാതിയുമായി നാട്ടുകാർ

സെൻസർ ബോർഡ് അഡൽറ്റ് ഒൺലി സർട്ടിഫിക്കറ്റ് നൽകിയ ധുരന്ധർ എന്ന സിനിമയാണ് മധ്യപ്രദേശിലെ സർക്കാർ സ്കൂളിൽ വിദ്യാർഥികൾക്കു വേണ്ടി ക്ലാസ് മുറിയിൽ പ്രദർശിപ്പിച്ചത്
A Certicate movie Dhurandhar screened in MP school

സെൻസർ ബോർഡിന്‍റെ അഡൽറ്റ്സ് ഒൺലി സർട്ടിഫിക്കറ്റ്.

Representative image

Updated on

ഭോപ്പാൽ: മധ്യപ്രദേശിലെ മൈഹാർ ജില്ലയിലെ ഒരു സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കു മുന്നിൽ 'അഡൽറ്റ്സ് ഒൺലി' (A) സർട്ടിഫിക്കറ്റുള്ള 'ധുരന്ധർ' എന്ന സിനിമ പ്രദർശിപ്പിച്ചു. ഇതിന്‍റെ വിഡിയൊ പുറത്തുവന്നത് വലിയ വിവാദത്തിനു വഴിതെളിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ ജൂലൈ 31-നാണ് സിനിമ പ്രദർശനത്തിന്‍റെ വിഡിയൊ ചിത്രീകരിച്ചത് എന്നാണ് കരുതുന്നത്. ക്ലാസ് മുറിയിൽ സ്ഥാപിച്ചിട്ടുള്ള എൽഇഡി സ്ക്രീനിൽ ചിത്രത്തിലെ ഒരു രംഗം കാണിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചതാണ് ഇത്തരം സ്ക്രീനുകൾ.

വ്യത്യസ്ത ക്ലാസുകളിലെ വിദ്യാർഥികൾ സിനിമ കാണുന്നത് വിഡിയൊയിൽ വ്യക്തമാണ്. സംഭവസമയത്ത് ഒരു ഗസ്റ്റ് അധ്യാപകനും അവിടെയുണ്ടായിരുന്നുവെന്നാണ് വിവരം. ഈ ദൃശ്യങ്ങൾ ഞായറാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. തുടർന്ന് ഗ്രാമവാസികൾ മുഖ്യമന്ത്രിയുടെ ഹെൽപ്പ്‌ലൈൻ വഴി പരാതി നൽകുകയും ഉത്തരവാദികൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

"ഡിജിറ്റൽ ബോർഡുകൾ നൽകിയത് കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താനാണ്. എന്നാൽ, അത്തരം ബോർഡുകൾ അശ്ലീലവും വിദ്യാഭ്യാസവുമായി ബന്ധമില്ലാത്തതുമായ ഉള്ളടക്കങ്ങൾക്കായി ഉപയോഗിക്കുന്നത് കുട്ടികളുടെ ഭാവിയോടുള്ള വലിയ അശ്രദ്ധയാണ്", എന്ന് ഒരു ഗ്രാമവാസി പരാതിയിൽ വ്യക്തമാക്കി.

വിഷയം തന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫിസർ സലോണി ശർമ സ്ഥിരീകരിച്ചു. "ഇതിനെക്കുറിച്ച് അന്വേഷണം നടത്തും. അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരേ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കും," അവർ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com