തിരുപ്പരങ്കുണ്ട്രം മലമുകളിൽ വൈകിട്ട് അഞ്ചിന് ദീപം തെളിക്കും; പ്രവേശനം 50 പേർക്ക് മാത്രം

പൊതുജനങ്ങൾക്കോ മറ്റു വിശ്വാസികൾക്കോ മലമുകളിലേക്ക് പ്രവേശനം ഉണ്ടാകില്ല
 Karthika Deepam on the Thiruparankundram hill.

തിരുപ്പരങ്കുണ്ട്രം മലയിൽ കാർത്തിക ദീപം

Updated on: 

മധുര (തമിഴ്നാട്): തിരുപ്പരങ്കുണ്ട്രം മലമുകളിലെ കൽത്തൂണിൽ പരമ്പരാഗത കാർത്തിക ദീപം ശനിയാഴ്ച വൈകിട്ട് അഞ്ചിന് തെളിക്കുമെന്ന് മേഘാലയ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. വൈദ്യനാഥൻ. ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് വി. പാർഥിബനൊപ്പം എത്തിയ അദ്ദേഹം ഉദ്യോഗസ്ഥരുമായും പൂജാരിമാരുമായും കൂടിയാലോചന നടത്തിയ ശേഷമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

വൈകിട്ട് നാലോടെ ജസ്റ്റിസുമാരായ വൈദ്യനാഥൻ, പാർഥിബൻ, ജില്ലാ കലക്റ്റർ നിഷാന്ത് കൃഷ്ണ, പൂജാരിമാർ എന്നിവർ കാൽനടയായി എത്തിച്ചേരും. ശനിയാഴ്ച രാവിലെയാണ് ജഡ്ജിമാർ ചെന്നൈയിൽ നിന്ന് മധുരയിൽ എത്തിയത്.

ക്ഷേത്രത്തിൽ പൂജകളും ചടങ്ങുകളും നടത്തിയ ശേഷം മുൻ ജഡ്ജിമാർ ദീപം തെളിക്കുന്നതിനുള്ള ചെമ്പ് പാത്രം പൂജാരിമാർക്ക് കൈമാറി. മലമുകളിലെ കൽത്തൂണിൽ സ്ഥാപിക്കുന്നതിനായി താൽക്കാലിക താങ്ങുകൾ ഒരുക്കിയിട്ടുണ്ട്. ചടങ്ങ് കാണുന്നതിനായി മലയുടെ താഴ്‌വാരത്ത് ഭക്തരും നാട്ടുകാരും വൻതോതിൽ തടിച്ചുകൂടിയിട്ടുണ്ട്. മലയുടെ സുരക്ഷാ ചുമതല സിആർപിഎഫ് ഏറ്റെടുത്തു.

അതേസമയം, ചടങ്ങ് കാണാൻ മലമുകളിലേക്ക് ബന്ധപ്പെട്ട 50 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂവെന്ന് അധികൃതർ അറിയിച്ചു. പൊതുജനങ്ങൾക്കോ മറ്റു വിശ്വാസികൾക്കോ മലമുകളിലേക്ക് പ്രവേശനം ഉണ്ടാകില്ല. മെഡിക്കൽ സംഘങ്ങളെയും ആംബുലൻസുകളെയും വിന്യസിക്കുന്നതുൾപ്പെടെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഉദ്യോഗസ്ഥർ അറിയിച്ചു.

കാർത്തിക ദീപം തെളിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ നേരത്തെയുള്ള നിർദേശം "മനഃപൂർവവും ധിക്കാരപരവുമായ" രീതിയിൽ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് സർക്കാരിന് സുപ്രീം കോടതി വെള്ളിയാഴ്ച കോടതിയലക്ഷ്യ നോട്ടീസ് നൽകിയിരുന്നു. തിരുപ്പരങ്കുണ്ട്രം മലമുകളിലെ കൽത്തൂണിൽ ശനിയാഴ്ച തന്നെ ആചാരപരമായ ദീപം തെളിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.