ഇന്ത്യ-ജപ്പാന്‍ ബന്ധത്തില്‍ പുത്തന്‍ ചുവടുവയ്പ്പ്‌; സെമികണ്ടക്റ്റര്‍, എഐ, ക്ലീന്‍ എനര്‍ജി രംഗങ്ങളിലടക്കം കരാറുകള്‍

വ്യാപാര, തന്ത്രപ്രധാന മേഖലകളിൽ ബന്ധം വിപുലപ്പെടുത്തും
16th Indo-Japan Annual Summit

ഇന്തോ- ജപ്പാൻ 16-ാം വാർഷിക ഉച്ചകോടി

Updated on

ന്യൂഡൽഹി: വ്യാപാരം, തന്ത്രപ്രധാന പങ്കാളിത്തം എന്നിവ വിപുലപ്പെടുത്താനും ഉഭയകക്ഷി ബന്ധവും ആഗോളതലത്തിലെ സഹകരണവും കൂടുതൽ ശക്തമാക്കാനുമുള്ള പുതിയ ചുവടുവയ്പ്പുമായി ഇന്ത്യയും ജപ്പാനും. ത്രിദിന ഇന്ത്യാ സന്ദർശത്തിനെത്തിയ ജപ്പാൻ പ്രധാനമന്ത്രി സനേ തകൈച്ചിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടു. തകൈച്ചിയും മോദിയും തമ്മിലെ ചർച്ചയിലാണ് സുപ്രധാന തീരുമാനങ്ങളുണ്ടായത്.

ഇരു രാജ്യങ്ങളും തമ്മിലെ ബന്ധത്തെ പുതിയ തലത്തിലേക്ക് ഉയർത്തുന്ന 120ഓളം സഹകരണ കരാറുകൾക്കാണ് ഇന്തോ- ജപ്പാൻ 16-ാം വാർഷിക ഉച്ചകോടിയിൽ തീരുമാനമായത്. ഇതുപ്രകാരം ജാപ്പനീസ് കമ്പനികൾ ഇന്ത്യയിൽ $12.5 ബില്യൺ ഡോളർ (1.18 ലക്ഷം കോടി രൂപ) നിക്ഷേപം നടത്തും. സെമികണ്ടറ്റേഴ്സ്, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഹരിതോർജം, ഗതാഗതം, നിർമാണം, അടിസ്ഥാന സൗകര്യ വികസന മേഖലകളിലാണ് പ്രധാന നിക്ഷേപങ്ങൾ എത്തുക. കരാർ പ്രകാരം ഫ്യുജിഫിലിം ഇന്ത്യയിൽ സെമികണ്ടക്റ്റർ മെറ്റീരിയിൽ പ്ലാന്‍റ് സ്ഥാപിക്കും. സുസുക്കിയുടെ ബയോഗ്യാസ് പ്ലാന്‍റും ധാരണകളിൽപ്പെടുന്നു. ഇന്ത്യയിലെയും ജപ്പാനിലെയും എഐ സ്റ്റാർട്ടപ്പുകൾ സംയുക്തമായി സോഫ്റ്റ്‌വെയറുകൾ ഡെവലപ്പ് ചെയ്യും.

ബിസിനസ് കൂട്ടുകൾക്ക് പുറമെ സുരക്ഷ, സാമ്പത്തിക സുരക്ഷ എന്നിവയിലും ഇന്ത്യയും ജപ്പാനും ബന്ധം ശക്തിപ്പെടുത്തും. പ്രതിരോധം, തീര സുരക്ഷ‌, ഊർജ സുരക്ഷ, പുതിയ സാങ്കേതികവിദ്യകൾ എന്നി രംഗങ്ങളിലെ സഹകരണം വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

ജപ്പാന്‍റെ പുതുക്കിയ പ്രതിരോധ ഉപകരണ മാർഗരേഖ പ്രകാരം തീരദേശ, നാവിക സുരക്ഷയിൽ ഇരു രാജ്യങ്ങളും പുനരവലോകനം നടത്തും. വർഷാവസാനം ഇന്ത്യയുടെയും ജപ്പാന്‍റെയും വിദേശകാര്യ, പ്രതിരോധ മന്ത്രിതല ചർച്ചയ്ക്കും തീരുമാനമായിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് സനേ തകൈച്ചി ആദ്യ ഔദ്യോഗിക സന്ദർശനത്തിന് ഇന്ത്യയിലെത്തിയത്. വ്യാഴാഴ്ച രാഷ്ട്രപതി ഭവനിൽ തകൈച്ചിക്ക് ഊഷ്മള സ്വീകരണം ഒരുക്കിയിരുന്നു.

logo
Metro Vaartha
www.metrovaartha.com