

അഭിജീത് ദിപ്കെ
file image
കൊച്ചി: മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് കൊച്ചിയിൽ സിജെപി പ്രതിഷേധം. ജന്തർമന്തർ അറ്റ് കൊച്ചി എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി മറൈൻ ഡ്രൈവ് മുതൽ രാജേന്ദ്ര മൈതാനി വരെ പ്രതിഷേധ ജാഥ നടത്തും. സിജെപി സ്ഥാപകൻ അഭിജീത് ദീപെകെ പരിപാടിയിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തിയിട്ടുണ്ട്. നടൻ പ്രകാശ് രാജും പരിപാടിയുടെ ഭാഗമാണ്.
ജ്ഞാനേഷ് കുമാറിനെതിരായ പോരാട്ടം തുടരുമെന്നും ഗ്യാനേഷ് കുമാർ തുടരുന്നിടത്തോളം നീതിയുക്തമായ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കില്ലെന്നും അഭിജിത് ദീപ്‌കെ വ്യക്തമാക്കി. കേരളത്തിലെ യുവാക്കളും പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷയുണ്ട്. കേരളത്തിൽ ഒരുപാട് സിജെപി അംഗങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്ഷണപ്രകാരമാണ് കൊച്ചിയിലെത്തിയതെന്ന് അഭിജിത് ദീപ്‌കെ പറഞ്ഞു.
ജെഎൻയുഎസ്‌യു ജോയിന്‍റ് സെക്രട്ടറിയും ഐസ നേതാവുമായ ഡാനിഷ് അലി, എംഎസ്എഫ് ദേശീയ പ്രസിഡന്‍റ് അഹമ്മദ് സാജു, എഐഎസ്എഫ് ദേശീയ പ്രസിഡന്‍റ് വിരാജ് ദേവാങ്, എസ്എഫ്ഐ ദേശീയ വൈസ് പ്രസിഡന്‍റ് എസ്. ശിൽപ, കെഎസ്‌യു ജനറൽ സെക്രട്ടറി അഡ്വ. ജെയിൻ ജെയ്സൺ എന്നിവരും പരിപാടിയിൽ പങ്കെടുക്കും. സിജെപിയുടെ ദക്ഷിണേന്ത്യൻ ചുമതലയുള്ള വിജയ് മല്ലംഗി, ആക്ടിവിസ്റ്റ് രാധിക ഗണേഷ്, അവതാരക രഞ്ജിനി ഹരിദാസ് എന്നിവരും പ്രതിഷേധത്തിന്‍റെ ഭാഗമാകും.