

ട്രെയിനിലെ എസി കോച്ച് പൂക്കൾ വിതറി മണിയറയാക്കി; ടിടിഇക്ക് സസ്പെൻഷൻ|Video
മുംബൈ: ട്രെയിനിലെ എസി കോച്ച് മണിയറ പോലെ ഒരുക്കിയതുമായി ബന്ധപ്പെട്ട് ട്രാവലിങ് ടിക്കറ്റ് എക്സാമിനറെ (ടിടിഇ) സസ്പെൻഡ് ചെയ്ത് സൗത്ത് സെൻട്രൽ റെയിൽവേ. നന്ദിഗ്രാം എക്സ്പ്രസിലെ എസി കോച്ചാണ് അണിയിച്ചൊരുക്കിയിരുന്നത്. ജൂലൈ 6ന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ദമ്പതികളാണ് ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ അലങ്കാരപ്പണികൾ ചെയ്യുന്നവരെ വാടകയ്ക്കെടുത്ത് കോച്ച് അണിയിച്ചൊരുക്കിയത്.
ട്രെയിനിലെ ബെർത്തിൽ പൂക്കൾ കൊണ്ട് അലങ്കരിച്ചതിനു പുറകേ കോച്ചിനുള്ളിൽ ആകെ പൂക്കളും അലങ്കാര വസ്തുക്കളും ബലൂണുകളും കൊണ്ട് നിറച്ചിരുന്നു. ഒരുക്കിയ കോച്ചിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണ് റെയിൽവേ നടപടി സ്വീകരിച്ചിരിക്കുന്നത്.
അനുമതി ഇല്ലാതെയാണ് അലങ്കാരപ്പണികൾ ചെയ്യുന്നവർ ട്രെയിനിൽ പ്രവേശിച്ചതെന്നും അതിനു കാരണം ടിടിഇയുടെ അശ്രദ്ധയാണെന്നും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ വകുപ്പുതവ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.