

അമിതവേഗത്തിലെത്തിയ ഥാര്‍ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി
ബെംഗളൂരു: കര്‍ണാടകയിലെ ചിക്കബെല്ലാപൂര്‍ ജില്ലയില്‍ അമിതവേഗതയില്‍ വന്ന മഹീന്ദ്ര ഥാര്‍ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി 6 മരണം. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. 4 പേര്‍ക്ക് പരുക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവര്‍ ബി.കെ. അഞ്ജിനപ്പ (35), എന്‍. ഉമാദേവി (55), ബി.ആര്‍. വിജയ (40), കെ.എന്‍. ലക്ഷ്മമ്മ (50), ആര്‍. സരോജമ്മ (65) ബി.എസ്. അരുണമ്മ (48) എന്നിവരാണ് മരിച്ചത്. ഇവരെല്ലാം കർഷകരാണ്.
അതിവേഗതയില്‍ വന്ന മഹീന്ദ്ര ഥാര്‍ പിന്നില്‍ നിന്ന് ഇടിച്ചതായാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ട് നീങ്ങിയ ഓട്ടോറിക്ഷ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്നര്‍ ലോറിയില്‍ ഇടിച്ചു. ഓട്ടോറിക്ഷ പൂര്‍ണമായും തകരുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഥാർ അമിത വേഗത്തിലെത്തിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.