'ഗജിനി', 'ലഗാൻ' ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

മലയാളത്തിൽ ചൈന ടൗൺ, ഇത് പാതിരാമണൽ, കസിൻസ്, ഒരു കടത്തനാടൻ കഥ എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്
Pradeep Rawat

പ്രദീപ് റാവത്ത്

Updated on

മുംബൈ: ബോളിവുഡിലും ദക്ഷിണേന്ത്യൻ സിനിമകളിലും വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ പ്രദീപ് റാവത്ത് (74) അന്തരിച്ചു. രക്താർബുദ ബാധിതനായി ചികിത്സയിലായിരുന്നു. മുംബൈയിൽ ചൊവ്വാഴ്ച വൈകിട്ടായിരുന്നു അന്ത്യം.

ബി.ആർ. ചോപ്രയുടെ ടെലിവിഷൻ പരമ്പരയായ 'മഹാഭാരത്' എന്ന സീരിയലിൽ അശ്വത്ഥാമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രദീപ് റാവത്ത് ശ്രദ്ധ നേടിയത്. തുടർന്ന് ആമിർ ഖാൻ നായകനായ 'ലഗാൻ' എന്ന ചിത്രത്തിൽ ദേവ് സിങ് സോധിയായി ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു. പിന്നീട് 'ഗജിനി'യിലെ ക്രൂരനായ വില്ലൻ കഥാപാത്രം അദ്ദേഹത്തിന് രാജ്യവ്യാപകമായ ജനപ്രീതി നേടിക്കൊടുത്തു.

ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം തുടങ്ങി നിരവധി ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളിലെ ശക്തമായ അഭിനയമാണ് പ്രദീപ് റാവത്തിനെ ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയ സ്വഭാവനടന്മാരിൽ ഒരാളാക്കിയത്. മലയാളത്തിൽ ചൈന ടൗൺ, ഇത് പാതിരാമണൽ, കസിൻസ്, ഒരു കടത്തനാടൻ കഥ എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com